സിഡ്‌നി: ഓസ്‌ട്രേലിയയിലെ പ്രോ-ലൈഫ് പ്രസ്ഥാനത്തിന്റെ ആത്മാവും കരുത്തുറ്റ ശബ്ദവുമായിരുന്ന മാർഗരറ്റ് ടൈ (94) അന്തരിച്ചു. ആറ് പതിറ്റാണ്ടിലേറെയായി ഗർഭച്ഛിദ്രം, ദയാവധം എന്നിവയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി ഓസ്‌ട്രേലിയൻ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ സജീവമായിരുന്ന പോരാളിയായിരുന്നു അവർ. 'റൈറ്റ് ടു ലൈഫ് ഓസ്‌ട്രേലിയ' എന്ന സംഘടനയുടെ സ്ഥാപകയും ദീർഘകാലം അതിന്റെ അമരക്കാരിയുമായിരുന്നു.
ഔദ്യോഗികമായി ഫാർമസിസ്റ്റായിരുന്ന മാർഗരറ്റ് ഗർഭസ്ഥ ശിശുക്കളുടെയും അശരണരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി തന്റെ ഔദ്യോഗിക ജീവിതം ഉപേക്ഷിച്ച് പൂർണമായി സാമൂഹിക സേവനത്തിലേക്ക് ഇറങ്ങുകയായിരുന്നു. ഗർഭച്ഛിദ്ര വിരുദ്ധ നിയമങ്ങൾക്കായി ഭരണകൂടങ്ങളിൽ സമ്മർദം ചെലുത്തുന്നതിലും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിലും അവർ നിർണായക പങ്കുവഹിച്ചു.
"ഗർഭസ്ഥ ശിശുക്കൾക്ക് വോട്ട് ചെയ്യാൻ കഴിയുമായിരുന്നെങ്കിൽ ഈ സ്ത്രീയാകുമായിരുന്നു രാജ്യത്തിന്റെ പ്രധാനമന്ത്രി" എന്ന് ഒരിക്കൽ ഒരു പ്രമുഖ പത്രം മാർഗരറ്റിനെ വിശേഷിപ്പിച്ചത് അവരുടെ സ്വാധീനത്തിന്റെ തെളിവാണ്.
സിഡ്‌നി അതിരൂപത ചാൻസലർ മോനിക്ക ഡൗമിറ്റ് മാർഗരറ്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. "മാർഗരറ്റ് ഇല്ലായിരുന്നെങ്കിൽ ഓസ്‌ട്രേലിയ ഇന്ന് നേരിടുന്ന ജീവനെതിരായ വെല്ലുവിളികൾ ഇതിലും ഭീകരമാകുമായിരുന്നു. താൻ എത്ര പേരുടെ ജീവൻ രക്ഷിച്ചു എന്ന് ഈ ഭൂമിയിൽ വെച്ച് അവർ അറിഞ്ഞിട്ടുണ്ടാകില്ല. സ്വർഗവാതിൽക്കൽ ആ ആത്മാക്കൾ മാർഗരറ്റിനെ സ്വീകരിക്കും."- മോനിക്ക ഡൗമിറ്റ് പറഞ്ഞു.
നാല് മക്കളും നിരവധി പേരക്കുട്ടികളും അടങ്ങുന്ന വലിയൊരു കുടുംബത്തെ അവശേഷിപ്പിച്ചാണ് മാർഗരറ്റ് ടൈ മടങ്ങുന്നത്.