വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ 2026 ലെ സുപ്രധാന വിദേശ പര്യടനങ്ങളുടെ പട്ടിക വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ടു. ആഫ്രിക്കൻ ഭൂഖണ്ഡത്തിലേക്കുള്ള പത്ത് ദിവസത്തെ സന്ദർശനമാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. പര്യടനത്തിന്റെ ഭാഗമായി പടിഞ്ഞാറൻ യൂറോപ്യൻ രാജ്യമായ മൊണാക്കോയും സ്പെയിനും പാപ്പ സന്ദർശിക്കും.
ഏപ്രിൽ 13 മുതൽ 23 വരെയാണ് മാർപാപ്പയുടെ ആഫ്രിക്കൻ സന്ദർശനം. നാല് രാജ്യങ്ങളിലായി പത്ത് ദിവസം നീളുന്ന ഈ യാത്ര പാപ്പായായി പദവിയിലെത്തിയ ശേഷമുള്ള ആദ്യ ആഫ്രിക്കൻ പര്യടനമാണ്.
മുസ്ലീം രാജ്യമായ അൾജീരിയയിലെ അൾജിയേഴ്സിൽ 1 3ന് എത്തുന്ന മാർപാപ്പ അന്നബ നഗരമുൾപ്പെടെ സന്ദർശിച്ച് 15 ന് മടങ്ങും. തുടർന്ന് മധ്യ ആഫ്രിക്കയിലെ കാമറൂണിലെത്തുന്ന മാർപാപ്പ 18 വരെ രാജ്യത്തുണ്ടാകും. യൗണ്ടെ, ബമെൻഡ, ഡൗവാല എന്നിവിടങ്ങളിലാണു സന്ദർശനം. 18 ന് അംഗോളയിലെത്തുന്ന മാർപാപ്പ 21വരെയുള്ള രാജ്യത്തുണ്ടാകും. ലുവാണ്ട, മുക്സിമ, സൗറിമോ നഗരങ്ങളിലാണ് സന്ദർശനം. 21 ന് ഇക്വാറ്റോറിയൽ ഗിനിയയിലെത്തുന്ന മാർപാപ്പ 23 വരെയുള്ള സന്ദർശന കാലയളവിൽ മലബോ, മോംഗോമോ, ബാറ്റ നഗരങ്ങളിലെത്തും.
ജൂൺ ആറ് മുതൽ 12 വരെയാണ് സ്പെയിൻ സന്ദർശനം. തലസ്ഥാനമായ മാഡ്രിഡിലെത്തുന്ന മാർപാപ്പ ബാഴ്സലോണയുൾപ്പെടെയുള്ള നഗരങ്ങളും കാനറി ദ്വീപുകളിലെ ടെനെരിഫെ, ഗ്രാൻ കനാരിയ നഗരങ്ങളും സന്ദർശിക്കും. ബാഴ്സലോണയിലെ സാഗ്രദ ഫമിലിയ ബസിലിക്കയിൽ നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഗോപുരത്തിന്റെ വെഞ്ചരിപ്പും മാർപാപ്പ നിർവഹിക്കും.
അമേരിക്കൻ വംശജനായ മാർപാപ്പ ഈ വർഷം തന്റെ ജന്മനാടായ യുഎസ്എ സന്ദർശിക്കില്ലെന്ന് വത്തിക്കാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബറിൽ പാപ്പ പെറു സന്ദർശിക്കാനും സാധ്യതയുണ്ട്.