സിഡ്‌നി: റഷ്യൻ അധിനിവേശം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ ഉക്രെയ്നിലെ ആയിരക്കണക്കിന് കുട്ടികളുടെ ദയനീയാവസ്ഥ ലോകത്തിന് മുന്നിൽ വിവരിച്ച് കർദിനാൾ മിക്കോള ബൈചോക്. റഷ്യ തട്ടിക്കൊണ്ടുപോയ 20,000 ത്തോളം ഉക്രെയ്ൻ കുട്ടികളുടെ വിധി ലോകം വിസ്മരിക്കുകയാണെന്ന് അദേഹം കുറ്റപ്പെടുത്തി. മെൽബൺ ആസ്ഥാനമായുള്ള ഉക്രേനിയൻ ഗ്രീക്ക്-കാത്തലിക് സഭയുടെ അധ്യക്ഷനാണ് കർദിനാൾ മിക്കോള ബൈചോക്.
ഉക്രെയ്നിലെ പിഞ്ചുകുഞ്ഞുങ്ങളെപ്പോലും വീടുകളിൽ നിന്ന് ബലം പ്രയോഗിച്ച് മാറ്റി റഷ്യയുടെ ഉൾപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതായും അവിടെ അവരെ റഷ്യൻ പൗരന്മാരാക്കി മാറ്റാൻ നിർബന്ധിതമായി മസ്തിഷ്ക പ്രക്ഷാളനം നടത്തുന്നതായും കർദിനാൾ പറഞ്ഞു. "ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനം മാത്രമല്ല, മാതാപിതാക്കളും കുട്ടികളും തമ്മിൽ ദൈവം നൽകിയ വിശുദ്ധ ബന്ധത്തിന് നേരെയുള്ള കടന്നുകയറ്റവുമാണ്," കർദിനാൾ വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തിലുള്ള ലുഹാൻസ്ക് മേഖലയിൽ കുട്ടികളെ ദത്തെടുക്കുന്നതിനായി ഓൺലൈൻ 'കാറ്റലോഗ്' വരെ തയ്യാറാക്കിയതായി റിപ്പോർട്ടുകളുണ്ട്. കണ്ണുകളുടെ നിറം, സ്വഭാവം എന്നിവ നോക്കി കുട്ടികളെ തിരഞ്ഞെടുക്കാൻ ഇതിൽ സൗകര്യമുണ്ടെന്നത് ക്രൂരതയുടെ ആഴം വ്യക്തമാക്കുന്നു.
കഴിഞ്ഞ നാല് വർഷത്തിനിടെ 15,000 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇതിൽ 780 ഓളം കുട്ടികളുണ്ട്. 50 ലക്ഷത്തിലധികം ആളുകൾ രാജ്യം വിട്ടു. മിസൈലുകൾ തലയ്ക്ക് മുകളിലൂടെ പായുമ്പോൾ ബങ്കറുകളിലിരുന്നാണ് ഉക്രെയ്നിലെ കുട്ടികൾ ഇന്ന് പഠിക്കുന്നത്. ഇത് അവരുടെ വിദ്യാഭ്യാസ നിലവാരത്തെയും മാനസികാരോഗ്യത്തെയും ഗുരുതരമായി ബാധിച്ചിരിക്കുന്നു.
ഉക്രെയ്നിലെ രക്തച്ചൊരിച്ചിൽ ഉടൻ അവസാനിപ്പിക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു. "സമാധാനം ഇനി വൈകിക്കൂടാ. ആയുധങ്ങൾ താഴെ വെക്കട്ടെ, ബോംബാക്രമണം അവസാനിക്കട്ടെ," അദേഹം അഭ്യർത്ഥിച്ചു. ലോകം ഈ യുദ്ധത്തെ വിസ്മരിക്കാൻ തുടങ്ങുമ്പോഴും സ്വന്തം മക്കൾക്കായി പ്രാർത്ഥനയോടെ കാത്തിരിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്കൊപ്പം തങ്ങളുണ്ടെന്ന് കർദിനാൾ ബൈചോക് കൂട്ടിച്ചേർത്തു.