ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ബോംബാക്രമണം; മുന്‍ ഇന്റലിജന്‍സ് മേധാവി ഏഴ് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ബോംബാക്രമണം; മുന്‍ ഇന്റലിജന്‍സ് മേധാവി ഏഴ് വര്‍ഷത്തിന് ശേഷം അറസ്റ്റില്‍


പ്രസിഡന്റ് തിരഞ്ഞെടുപ്പ് രാജപക്‌സെക്ക് അനുകൂലമാക്കാന്‍ നടത്തിയ ഭീകരാക്രമണമാണ് എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 279 പേരാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായ വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

കൊളംബോ: 2019 ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുന്‍ ഇന്റലിജന്‍സ് മേധാവി മേജര്‍ ജനറല്‍ സുരേഷ് സല്ലെയെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് അറസ്റ്റ് ചെയ്തു.

ആക്രമണത്തിന് ഗൂഢാലോചന നടത്തി, അക്രമികള്‍ക്ക് സഹായങ്ങള്‍ നല്‍കി എന്നീ കാരണങ്ങളില്‍ ശ്രീലങ്കയിലെ തീവ്രവാദ നിരോധന നിയമ (പിടിഎ) പ്രകാരമാണ് അറസ്റ്റ്. 11 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 279 പേരാണ് ഈസ്റ്റര്‍ ദിനത്തിലുണ്ടായ വിവിധ ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടത്.

ഏഴ് വര്‍ഷമായി തുടരുന്ന കേസില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ അറസ്റ്റ് പ്രധാന വഴിത്തിരിവാണ്. തലസ്ഥാനമായ കൊളംബോയില്‍ നിന്ന് പുലര്‍ച്ചെയാണ് വിരമിച്ച മേജര്‍ ജനറല്‍ സുരേഷ് സല്ലെയെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും പൊലീസ് വ്യക്തമാക്കി.


2024 ല്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ അധികാരമേറ്റതിന് ശേഷം ഈ കേസില്‍ നടക്കുന്ന ആദ്യത്തെ ഉന്നത അറസ്റ്റാണിത്. ഈസ്റ്റര്‍ ബോംബാക്രമണത്തിന്റെ ഇരകള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് അദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.

2019 ഏപ്രില്‍ 21നാണ് രാജ്യത്തെ നടുക്കിയ ആക്രമണങ്ങളുണ്ടാകുന്നത്. ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോ, നെഗോംബോ, ബട്ടികലോവ എന്നീ നഗരങ്ങളിലെ ക്രൈസ്തവ ദേവാലയളെയും ആഡംബര ഹോട്ടലുകളെയും ലക്ഷ്യമിട്ട് എട്ട് തീവ്രവാദ ചാവേര്‍ ബോംബാക്രമണങ്ങളാണുണ്ടായത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഗോദബയ രാജപക്‌സെക്ക് അനുകൂലമാക്കാന്‍ നടത്തിയ ഭീകരാക്രമണമെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഗോദബയ രാജപക്‌സെ പ്രസിഡന്റായതിനുശേഷം 2019 ല്‍ സ്റ്റേറ്റ് ഇന്റലിജന്‍സ് സര്‍വീസ് (എസ്.ഐ.എസ്) മേധാവിയായി സ്ഥാനക്കയറ്റം ലഭിച്ച സുരേഷ് സല്ലെക്ക് ചാവേര്‍ ബോംബാക്രമണങ്ങള്‍ സംഘടിപ്പിച്ചതില്‍ പങ്കുണ്ടെന്ന് നേരത്തെ ആരോപിക്കപ്പെട്ടിരുന്നെങ്കിലും അദേഹം അത് നിഷേധിക്കുകയായിരുന്നു.

എന്നാല്‍ സല്ലെക്ക് ആക്രമണം നടത്തിയവരുമായി ബന്ധമുണ്ടെന്നും ആക്രമണത്തിന് മുമ്പ് അവരെ കണ്ടിരുന്നുവെന്നും ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ 'ചാനല്‍ 4' 2023 ല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് അദേഹത്തിനെതിരെ അന്വേഷണം ശക്തമാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.