ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നയിക്കും. പോളിറ്റ് ബ്യൂറോ യോഗത്തിന് ശേഷം സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ് ഇക്കാര്യം അറിയിച്ചത്.
അതേസമയം പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണോ എന്ന് ബേബി വ്യക്തമാക്കിയില്ല. മുഖ്യമന്ത്രി ആരെന്നത് വിജയിച്ചതിന് ശേഷം തീരുമാനിക്കുന്നതാണ് പാര്‍ട്ടിയുടെ രീതിയെന്ന് അദേഹം പറഞ്ഞു.
പിണറായി വിജയന്‍ തന്നെ പാര്‍ട്ടിയെ നയിക്കണമെന്ന് സിപിഎം കേരള ഘടകം കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. 75 വയസെന്ന പ്രായ പരിധിയില്‍ പിണറായിക്ക് നേരത്തേ പോളിറ്റ് ബ്യൂറോയില്‍ ഇളവ് നല്‍കിയിരുന്നു.
യുവാക്കളും മുതിര്‍ന്നവരും സ്ഥാനാര്‍ത്ഥി പട്ടികയിലുണ്ടാകും. മാര്‍ച്ച് ആദ്യ വാരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുമെന്നും കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരുമെന്നും എം.എ ബേബി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി വിജയന്‍ ധര്‍മ്മടത്ത് തന്നെ മത്സരിക്കാനാണ് ധാരണ.