ദുബായ്: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉണ്ടായ യുഎസ്- ഇസ്രയേല്‍ വ്യോമാക്രമണത്തിന് പിന്നാലെ സംഘര്‍ഷ ഭരിതമായി പശ്ചിമേഷ്യ. ഇറാന്‍ ആക്രമണം നടത്തിയതിന് തൊട്ടുപിന്നാലെ ഇറാനില്‍ നിന്നും വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് പ്രത്യാക്രമണങ്ങള്‍ ഉണ്ടായി. പിന്നാലെ ബഹ്റിന്‍, യുഎഇ, കുവൈറ്റ് എന്നിവിടങ്ങളിലും സ്ഫോടനങ്ങള്‍ ഉണ്ടായി.
ഖത്തറിലെ യുഎസ് സൈനിക കേന്ദ്രം ലക്ഷ്യമിട്ടെത്തിയ ഇറാന്‍ മിസൈല്‍ നിര്‍വീര്യമാക്കിയതായി ഖത്തര്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഘര്‍ഷ ഭീതിയുടെ പശ്ചാത്തലത്തില്‍ ദോഹയിലെ തന്ത്ര പ്രധാനമേഖലയില്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന മുന്നറിയിപ്പും ഖത്തര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
ബഹ്റനിലും സ്ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽ പടയുടെ ബഹ്റിനിലെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയെന്നാണ് വിവരം. യുഎഇ തലസ്ഥാനമായ അബുദാബിയില്‍ വലിയ സ്ഫോടന ശബ്ദം കേട്ടതായി റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിൽ നിന്ന് വിക്ഷേപിച്ച നിരവധി മിസൈലുകൾ പ്രതിരോധിച്ചതായും ആക്രമണത്തിൽ അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായും സ്റ്റേറ്റ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ബഹ്‌റിന്‍ ആഭ്യന്തര മന്ത്രാലയം ജനങ്ങള്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദേശം നല്‍കി. എത്രയും വേഗം വീടുകള്‍ക്കുള്ളിലോ അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലോ അഭയം പ്രാപിക്കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ഖത്തറിന് മുകളിലെത്തിയ രണ്ട് ഇറാനിയന്‍ മിസൈലുകള്‍ തങ്ങള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ത്തതായി ഖത്തര്‍ അധികൃതര്‍ അവകാശപ്പെട്ടു.