ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനിയുടെ വധത്തിന് അതിശക്തമായ ഭാഷയിൽ തിരിച്ചടി നൽകുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്. ഖൊമേനിയുടെ രക്തസാക്ഷിത്വത്തിന് പിന്നിൽ പ്രവർത്തിച്ച 'മനുഷ്യരാശിയുടെ ശത്രുക്കളെ' വെറുതെ വിടില്ലെന്നും ഇറാനിയൻ ജനതയുടെ പ്രതികാരത്തിന്റെ കൈകൾ അവരെ വേട്ടയാടുമെന്നും ഇറാൻ റവല്യൂഷണറി ഗാർഡ് ഔദ്യോഗിക പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി.
"ഏറ്റവും ക്രൂരരായ ഭീകരരുടെ കൈകളാലാണ് ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൊല്ലപ്പെട്ടത്. ഈ വിയോഗത്തിന് ലോകം സാക്ഷ്യം വഹിക്കാൻ പോകുന്ന വലിയ പ്രതികാരത്തിലൂടെ ഞങ്ങൾ മറുപടി നൽകും." - റവല്യൂഷണറി ഗാർഡ് പറഞ്ഞു.
1989 മുതൽ ഇറാന്റെ ആത്മീയവും രാഷ്ട്രീയവുമായ വഴികാട്ടിയായിരുന്ന ഖൊമേനിയുടെ സേവനങ്ങൾക്കുള്ള അംഗീകാരമാണ് ഈ രക്തസാക്ഷിത്വമെന്ന് സൈന്യം വിശേഷിപ്പിച്ചു. ഖൊമേനിയുടെ മകൾ, ഭർത്താവ്, കൊച്ചു മകൻ എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ട വിവരം സൈന്യം സ്ഥിരീകരിച്ചു.
ഖൊമേനിയുടെ മരണം ഇറാൻ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ രാജ്യത്ത് 40 ദിവസത്തെ ദേശീയ ദുഖാചരണം പ്രഖ്യാപിച്ചു. ഐക്യദാർഢ്യ സൂചകമായി ഏഴ് ദിവസം സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ ഖൊമേനി കൊല്ലപ്പെട്ട വിവരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നുവെങ്കിലും ഇന്ന് രാവിലെയാണ് ഇറാൻ ഇത് പരസ്യമായി സമ്മതിച്ചത്.