കോഴിക്കോട്: യുദ്ധ ഭീതിയിലായ പശ്ചിമേഷ്യയില്‍ ദുരിതമനുഭവിക്കുന്ന അനേകായിരങ്ങള്‍ക്കായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷ നടത്തണമെന്ന് കെസിബിസി പ്രസിഡന്റ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ മെത്രാപ്പോലീത്ത.
യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍ മൂലം ഭൂമി തുടര്‍ച്ചയായി മുറിവേല്‍പ്പിക്കപ്പെടുകയാണ്. യുദ്ധങ്ങളുടെയും സായുധ സംഘര്‍ഷങ്ങളുടെയും ഇരകളെ ചേര്‍ത്തു പിടിക്കാനുള്ള സമയമാണിത്. യുദ്ധം എന്നത് തിന്മയാണെന്ന് തിരിച്ചറിയുവാന്‍ ലോക നേതാക്കള്‍ക്കാവുന്നില്ല എന്നത് മനുഷ്യ മനസകളെ വേദനിപ്പിക്കുന്നു.
യുദ്ധം നികൃഷ്ടമായ ഒരു യാഥാര്‍ത്ഥ്യവും അത് നുണകളുടെയും അസത്യങ്ങളുടെയും വിജയവുമാണെന്ന് ഫ്രാന്‍സിസ് പാപ്പ വ്യക്തമാക്കിയിട്ടുണ്ട്. തങ്ങളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങളുടെ വിജയവും ശത്രുവിന്റെ പൂര്‍ണമായ തകര്‍ച്ചയുമാണ് യുദ്ധങ്ങളിലൂടെ രാജ്യങ്ങള്‍ ലക്ഷ്യമിടുന്നത്.
യുദ്ധ ഭീകരതയുടെ ഇരകളാകുന്നത് പലപ്പോഴും നിരപരാധികളായ മനുഷ്യരാണെന്നത് നമ്മെ വേദനിപ്പിക്കുന്നു. ആയതിനാല്‍ ഈ യുദ്ധക്കെടുതിയില്‍ വേദന അനുഭവിക്കുന്ന എല്ലാവരെയും നമുക്ക് ചേര്‍ത്തു പിടിക്കാമെന്നും സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടാമെന്നും ഡോ. വര്‍ഗീസ് ചക്കാലക്കല്‍ പറഞ്ഞു.