ടെഹ്റാൻ : പശ്ചിമേഷ്യയിൽ യുദ്ധം ആളിപ്പടരുന്നു. ഇറാനു നേരെ യുഎസും ഇസ്രയേലും സംയുക്ത ആക്രമണം തുടരുന്നതിനിടെ ഇസ്രയേലിനെതിരെ ലെബനനിൽ നിന്ന് ഹിസ്ബുള്ള മിസൈൽ ആക്രമണം ആരംഭിച്ചു. ഇറാന്റെ പരമോന്നത നേതാവ് അലി ഖൊമനെയിയുടെ വധത്തിന് പ്രതികാരമായാണ് ആക്രമണമെന്ന് ഹിസ്ബുള്ള വ്യക്തമാക്കി. ഇതോടെ ഇറാന്റെ പ്രോക്സി ഗ്രൂപ്പുകളും നേരിട്ട് യുദ്ധത്തിൽ പങ്കുചേരുന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.
കഴിഞ്ഞ ഒരു വർഷമായി ഇസ്രയേൽ ആക്രമണങ്ങളിൽ കനത്ത തിരിച്ചടി നേരിടുന്നുണ്ടെങ്കിലും ഹിസ്ബുള്ള ഇറാന് പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഞായറാഴ്ച ലെബനനിൽ നിന്ന് ഇസ്രയേലിന് നേരെ നിരവധി മിസൈലുകൾ തൊടുത്തു. വടക്കൻ ഇസ്രയേലിൽ സൈറണുകൾ മുഴങ്ങിയെങ്കിലും വ്യോമസേന ഭൂരിഭാഗം മിസൈലുകളും തടഞ്ഞു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിന് തിരിച്ചടിയായി ബെയ്‌റൂട്ട് ഉൾപ്പെടെയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം തുടങ്ങി.
പടിഞ്ഞാറൻ ജറുസലേമിൽ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. കൂടാതെ ബഹ്റിനിലെ സൽമാൻ തുറമുഖത്തിന് നേരെയും ഇറാൻ ആക്രമണം നടത്തി. നിലവിലെ സാഹചര്യം പരിഗണിച്ച് ഇസ്രയേലിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ ഈ മാസം 12 വരെ നീട്ടി.