ലോകം അഗ്നിപർവ്വതത്തിന് മുകളിൽ; ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല: കെസിവൈഎം മാനന്തവാടി രൂപത

ലോകം അഗ്നിപർവ്വതത്തിന് മുകളിൽ; ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ല: കെസിവൈഎം മാനന്തവാടി രൂപത

മാനന്തവാടി: ഇസ്രയേലും അമേരിക്കയും ഒരു വശത്തും ഇറാൻ മറുവശത്തുമായി തുടരുന്ന രൂക്ഷമായ സൈനിക നീക്കങ്ങൾ ലോകത്തെ മഹാദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് കെസിവൈഎം മാനന്തവാടി രൂപത. ആയുധങ്ങൾ കൊണ്ട് സമാധാനം കെട്ടിപ്പടുക്കാനാവില്ലെന്നും വിനാശകരമായ ഒരു യുദ്ധത്തിന്റെ വക്കിലാണ് ലോകമെന്നും രൂപത പ്രസിഡന്റ് നിഖിൽ ചൂടിയാങ്കൽ ആശങ്ക രേഖപ്പെടുത്തി.

പശ്ചിമേഷ്യയിലെ യുദ്ധം ഗൾഫ് മേഖലയെക്കൂടി ബാധിക്കുന്നത് അവിടെ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തെയും സുരക്ഷയെയും അപകടത്തിലാക്കും. വൻശക്തികളുടെ ഈ അധികാര രാഷ്ട്രീയത്തിൽ നിരപരാധികളായ സാധാരണ മനുഷ്യരാണ് ഇല്ലാതാകുന്നത്. ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കുന്നതും വിതരണ ശൃംഖലകൾ തടസ്സപ്പെടുന്നതും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സാധാരണക്കാരന്റെ ജീവിതം ദുസഹമാക്കുമെന്നും കെസിവൈഎം ചൂണ്ടിക്കാട്ടി.

യുദ്ധം നിർത്താൻ ഐക്യരാഷ്ട്രസഭയും ലോകരാഷ്ട്രങ്ങളും അടിയന്തിരമായി ഇടപെടണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. യുദ്ധം കൊതിക്കുന്നവർക്കും ആയുധം വിൽക്കുന്നവർക്കും മാത്രമേ ഇത്തരം സംഘർഷങ്ങൾ ഗുണകരമാകൂ എന്ന് സമിതി ഓർമ്മിപ്പിച്ചു.

യോഗത്തിൽ രൂപത വൈസ് പ്രസിഡന്റ് വിന്ധ്യ പടിഞ്ഞാറേൽ, ജനറൽ സെക്രട്ടറി റോബിൻ ബിജു വടക്കേക്കര, സെക്രട്ടറിമാരായ ദിവ്യ പാട്ടശ്ശേരിയിൽ, ക്രിസ്റ്റി കാരുവള്ളിത്തറ, ട്രഷറർ നവീൻ പുലക്കുടിയിൽ, കോർഡിനേറ്റർ ബ്രിട്ടോ വാഴയിൽ, ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റർ സി. റോസ് ടോം തുടങ്ങിയവർ സംസാരിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.