സിഡ്‌നി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതിന് പിന്നാലെ പശ്ചിമേഷ്യയിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ പൗരന്മാരുടെ ആദ്യ സംഘം നാട്ടിലെത്തി. ദുബായിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ഏകദേശം 200 ഓളം യാത്രക്കാരാണ് ബുധനാഴ്ച രാത്രി സിഡ്‌നി വിമാനത്താവളത്തിൽ ഇറങ്ങിയത്.
മാസങ്ങളായി തുടരുന്ന യുദ്ധഭീതിയിൽ നിന്നും സുരക്ഷിതരായി മടങ്ങിയെത്തിയവരെ കണ്ണീരോടെയും ആലിംഗനങ്ങളോടെയുമാണ് ബന്ധുക്കൾ സ്വീകരിച്ചത്. മടങ്ങിയെത്തിയവരിൽ സിഡ്‌നിയിലെ ബാർക്കർ കോളേജിൽ നിന്നുള്ള 19 വിദ്യാർത്ഥികളും നാല് അധ്യാപകരും ഉൾപ്പെടുന്നു. തുർക്കിയിൽ റോബോട്ടിക്സ് മത്സരത്തിൽ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് ഇവർ ദുബായിൽ കുടുങ്ങിയത്.
താമസിച്ചിരുന്ന ഹോട്ടലിന് മുകളിലൂടെ മിസൈലുകൾ പായുന്ന ഭീതിജനകമായ ശബ്ദം കേട്ടതായും, സുരക്ഷയ്ക്കായി ഒരു രാത്രി മുഴുവൻ ഹോട്ടലിന്റെ ബേസ്‌മെന്റിൽ കഴിയേണ്ടി വന്നതായും വിദ്യാർത്ഥികൾ പറഞ്ഞു.
വിദ്യാർത്ഥികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാൻ മുൻകൈ എടുത്ത ഓസ്‌ട്രേലിയൻ ഉദ്യോഗസ്ഥരോട് സ്കൂൾ അധികൃതർ നന്ദി രേഖപ്പെടുത്തി. മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഇതുവരെ ഇരുപതിനായിരത്തിലധികം വിമാന സർവീസുകളാണ് റദ്ദാക്കപ്പെട്ടത്.
നിലവിൽ അതീവ സുരക്ഷാ മുൻകരുതലുള്ള 'എമർജൻസി എയർ കോറിഡോറുകൾ' വഴിയാണ് പരിമിതമായ തോതിൽ സർവീസുകൾ നടത്തുന്നത്.
ഇനിയും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ സഹായിക്കുന്നതിനായി ആറ് പ്രത്യേക ദൗത്യസംഘങ്ങളെ (ഓസ്‌ട്രേലിയൻ സർക്കാർ മേഖലയിലേക്ക് അയച്ചിട്ടുണ്ട്.
വരും ദിവസങ്ങളിൽ അബുദാബിയിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഓസ്‌ട്രേലിയയിലേക്ക് സർവീസ് നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.