മുംബൈ: റിപ്പോ നിരക്ക് 5.25 ശതമാനമായിത്തന്നെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). മൂന്ന് ദിവസം നീണ്ടുനിന്ന പണനയ സമിതി യോഗത്തില്‍ 'നിഷ്പക്ഷ നിലപാട്' സ്വീകരിക്കാനുള്ള തീരുമാനം ഏകകണ്ഠമായാണ് കൈക്കൊണ്ടത്.
സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് അഞ്ച് ശതമാനമായി നിലനിര്‍ത്തിയതിനൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്കും ബാങ്ക് നിരക്കും 5.5 ശതമാനമായി മാറ്റമില്ലാതെ തുടരാനും ആര്‍ബിഐ തീരുമാനിച്ചു.
നയപരമായ പ്രഖ്യാപനത്തിന് പിന്നാലെ ഇറാനിലെ നിലവിലെ യുദ്ധ സാഹചര്യത്തിനിടെ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധനവിനെക്കുറിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര എടുത്തുപറഞ്ഞു. പ്രതീക്ഷിച്ചതു പോലെ മൊത്തത്തിലുള്ള പണപ്പെരുപ്പം കുത്തനെ ഉയര്‍ന്നതായും അദ്ദേഹം വ്യക്തമാക്കി.
2026-27 സാമ്പത്തിക വര്‍ഷത്തെ ചില്ലറ വിലക്കയറ്റ നിരക്ക് സംബന്ധിച്ച കണക്ക് നേരത്തെയുണ്ടായിരുന്ന 5.1 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ചാ നിരക്ക് 6.6 ശതമാനത്തില്‍ നിന്ന് 6.7 ശതമാനമായി ആര്‍ബിഐ ഉയര്‍ത്തുകയും ചെയ്തു.
സാമ്പത്തിക വളര്‍ച്ച കരുത്തുറ്റതാണെങ്കിലും ഈ സാമ്പത്തിക വര്‍ഷം അത് കുറവായിരിക്കാനാണ് സാധ്യതയെന്ന് സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി. എന്നിരുന്നാലും ആഗോള വ്യാപാര നയവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ കാരണം ഭാവികാര്യങ്ങള്‍ അവ്യക്തമായി തുടരുകയാണ്.
നയപരമായ നടപടികള്‍ സ്വീകരിക്കുന്നതിന് മുന്‍പ് പ്രത്യേകിച്ച് പണപ്പെരുപ്പം, അതിന്റെ ഗതി, ഘടന എന്നിവയെക്കുറിച്ച് കൂടുതല്‍ വ്യക്തത കൈവരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.