ബ്രസീൽ: ലോകം പരിമിതിയെന്ന് വിളിച്ചതിനെ ദൈവനിയോഗമെന്ന് തിരുത്തിക്കുറിക്കുകയാണ് മിഗുവേൽ ലോപ്സ് എന്ന പതിനൊന്നുകാരൻ. ഗർഭാവസ്ഥയിൽ ഡൗൺ സിൻഡ്രോം സ്ഥിരീകരിച്ചപ്പോൾ ഇതൊരു ഭാരമാകും ഒഴിവാക്കുന്നതാണ് നല്ലത് എന്ന് ഉപദേശിച്ച ഡോക്ടർമാർക്ക് മുന്നിൽ മിഗുവേലിന്റെ മാതാപിതാക്കൾക്ക് പറയാൻ ഒന്നേ ഉണ്ടായിരുന്നുള്ളൂ ഇവൻ ദൈവത്തിന്റെ ദാനമാണ്. ഇന്ന് ബ്രസീലിലെ പിരാസിക്കാബയിലുള്ള സാന്താ റോസ ഡി ലിമ ഇടവകയിലെ ഏറ്റവും പ്രിയപ്പെട്ട അൾത്താര ബാലനാണ് മിഗുവേൽ.
ഓരോ കുർബാനയിലും അതീവ ഭക്തിയോടെ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന മിഗുവേലിനെ കാണാൻ മാത്രം പള്ളിയിലെത്തുന്ന വിശ്വാസികൾ നിരവധിയാണ്. ശാരീരികമായ വെല്ലുവിളികൾ ഉണ്ടെങ്കിലും യേശുവിനോടുള്ള അവന്റെ സ്നേഹത്തിന് പരിധികളില്ല. മിഗുവേലിനെ ഉൾക്കൊള്ളാനായി ഇടവകയിലെ മതബോധന അധ്യാപകർ പ്രത്യേക പരിശീലനം നേടുകയും പള്ളിയുടെ പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഒരു കുരുന്നിനെ ചേർത്തുപിടിക്കാൻ ഒരു സമൂഹം മുഴുവൻ ഒന്നിച്ച കാഴ്ചയാണിത്.
"വിശ്വാസം തുടങ്ങേണ്ടത് വീട്ടിൽ നിന്നാണ്" മിഗുവേലിന്റെ അമ്മ ടാസിയ ലോകത്തോട് വിളിച്ചുപറയുന്നു. വൈകല്യമുള്ള കുട്ടികളെ വീടിനുള്ളിൽ ഒളിപ്പിക്കേണ്ടവരല്ലെന്നും, അവർക്ക് സ്നേഹവും അവസരവും നൽകിയാൽ ഒരു സമൂഹത്തെ മുഴുവൻ മാറ്റാൻ അവർക്ക് സാധിക്കുമെന്നും മിഗുവേലിന്റെ ജീവിതം തെളിയിക്കുന്നു. മിഗുവേലിന്റെ സാന്നിധ്യം കണ്ട് പള്ളിയിൽ നിന്ന് അകന്നുപോയ പല കുടുംബങ്ങളും ഇന്ന് ആത്മീയ വഴിയിലേക്ക് തിരികെ എത്തിക്കഴിഞ്ഞു.