വാഷിങ്ടണ്‍: ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്റെ 16 കപ്പലുകള്‍ തകര്‍ത്തതായി യു.എസ് സൈന്യം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ് അവഗണിച്ചതിന് പിന്നാലെയാണ് കപ്പലുകള്‍ തകര്‍ത്തത്. മൈനുകള്‍ സ്ഥാപിക്കുന്ന ഇറാന്റെ കപ്പലുകള്‍ തകര്‍ക്കുന്ന വീഡിയോയും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് തങ്ങളുടെ എക്‌സ് പേജിലൂടെ പുറത്തുവിട്ടു.
ഹോര്‍മുസ് കടലിടുക്കില്‍ സ്ഥാപിച്ചിട്ടുള്ള എല്ലാ മൈനുകളും ഉടനടി നീക്കം ചെയ്യണമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൈനുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ ഗുരുതരമായ സൈനിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പ് ഇറാന്‍ അവഗണിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കപ്പലുകള്‍ തകര്‍ത്തത്. മാര്‍ച്ച് 10 ന് ഹോര്‍മുസ് കടലിടുക്കിന് സമീപം മൈന്‍ നിക്ഷേപിക്കുന്ന 16 കപ്പലുകളും നിരവധി ഇറാനിയന്‍ നാവിക കപ്പലുകളും നശിപ്പിച്ചെന്നാണ് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.
മിയാമിയിലെ ഗോള്‍ഫ് ക്ലബ്ബില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളെ അഭിസംബോധന ചെയ്യവേ യുദ്ധം വളരെ പെട്ടെന്ന് അവസാനിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ യുദ്ധത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് യു.എസ് അല്ലെന്നും ഇറാനാണെന്നും മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നുമാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) പറയുന്നത്.
അതേസമയം ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടഞ്ഞാല്‍ മുന്‍ ആക്രമണങ്ങളെ അപേക്ഷിച്ച് ഇരുപത് മടങ്ങ് ആക്രമിക്കുമെന്നും ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖൊമേനി സമാധാനത്തോടെ ജീവിക്കില്ലെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്.