യുദ്ധഭൂമിയിലെ സ്നേഹ സാന്നിധ്യം വിടവാങ്ങി; ലബനനിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ വൈദികൻ കൊല്ലപ്പെട്ടു

യുദ്ധഭൂമിയിലെ സ്നേഹ സാന്നിധ്യം വിടവാങ്ങി; ലബനനിൽ പരിക്കേറ്റവരെ ശുശ്രൂഷിക്കുന്നതിനിടെ വൈദികൻ കൊല്ലപ്പെട്ടു

ബെയ്‌റൂട്ട്: വെടിയുണ്ടകൾക്കും ബോംബ് സ്‌ഫോടനങ്ങൾക്കും മധ്യേ ഭയന്നോടാതെ തന്റെ ആടുകളെ ചേർത്തുപിടിച്ച 'നല്ലിടയൻ' ഇനി ഓർമ്മ. ദക്ഷിണ ലബനനിലെ മരോനൈറ്റ് വൈദികൻ ഫാ. പിയർ അൽ റായ് ഇസ്രയേൽ സൈന്യത്തിന്റെ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഇടവകാംഗങ്ങളെ ശുശ്രൂഷിക്കുന്നതിനിടെയാണ് ഈ ജീവത്യാഗം.

തെക്കൻ ലബനനിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ ബോംബാക്രമണത്തിനിടയിലാണ് ദുരന്തം സംഭവിച്ചത്. വൈദിക മന്ദിരത്തിന് സമീപമുള്ള വീട്ടിൽ പരിക്കേറ്റവരെ സഹായിക്കാൻ ഓടിയെത്തിയതായിരുന്നു ഫാ. പിയർ. ആദ്യ സ്‌ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തനത്തിനായി അദേഹം എത്തിയ അതേ വീടിനു നേരെ രണ്ടാമതും ബോംബാക്രമണം ഉണ്ടാവുകയായിരുന്നു.

ഫാ. പിയറിന്റെ വിയോഗത്തിൽ ലിയോ പാപ്പ ആഴമായ ദുഖം രേഖപ്പെടുത്തി. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളിൽ ഇല്ലാതാകുന്ന നിരപരാധികളായ കുഞ്ഞുങ്ങൾക്കും അവരെ സഹായിക്കാൻ ജീവിതം മാറ്റിവെച്ച ഫാ. പിയറിനെപ്പോലുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായി പാപ്പ സന്ദേശത്തിൽ അറിയിച്ചു. യുദ്ധം എത്രയും വേഗം അവസാനിക്കട്ടെയെന്നും പാപ്പ ആശംസിച്ചു.

ഗ്രാമം വിട്ടുപോകണമെന്ന ഇസ്രയേലിന്റെ അന്ത്യശാസനം വകവെക്കാതെ തങ്ങളുടെ മണ്ണിൽ ഉറച്ചുനിന്നവരാണ് ഇവിടത്തെ ക്രൈസ്തവർ. എന്നാൽ താങ്ങായിരുന്ന വൈദികന്റെ മരണം പ്രദേശവാസികളെ വലിയ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

ബെയ്‌റൂട്ടിൽ മാത്രം അഞ്ച് ലക്ഷത്തോളം അഭയാർത്ഥികളാണ് നിലവിലുള്ളത്. ജീവൻ രക്ഷിക്കാനായി തെക്കൻ ലബനനിൽ നിന്നുള്ള ജനങ്ങളുടെ പലായനം ഇപ്പോഴും തുടരുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.