തെക്കൻ ലെബനൻ: യുദ്ധക്കെടുതികൾക്കിടയിലും സ്വന്തം ജനതയെ ഉപേക്ഷിച്ചുപോകാൻ തയ്യാറാകാതെ പരിക്കേറ്റവരെ സഹായിക്കുന്നതിനിടെ ഇസ്രയേൽ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരോണൈറ്റ് വൈദികൻ ഫാദർ പിയറി എൽ-റാഹിക്ക് വിടനൽകി ആയിരങ്ങൾ. തെക്കൻ ലെബനനിലെ അതിർത്തി ഗ്രാമമായ ക്ലായയിലെ സെന്റ് ജോർജ് പള്ളിയിൽ മാർച്ച് 11 ബുധനാഴ്ച നടന്ന മൃതസംസ്കാര ശുശ്രൂഷകളിൽ അഭയാർത്ഥികളും പ്രാദേശിക ഭരണകൂട പ്രതിനിധികളും ഉൾപ്പെടെ വൻജനാവലിയാണ് പങ്കെടുത്തത്.
സ്വന്തം പിതാവിനെ നഷ്ടപ്പെട്ട വേദനയോടെയാണ് ആ ഗ്രാമം തങ്ങളുടെ പ്രിയപ്പെട്ട ഇടയന് അന്ത്യാഞ്ജലി അർപ്പിച്ചത്. ഇസ്രയേൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന ഏകദേശം 8,000-ത്തോളം ക്രിസ്ത്യാനികൾ താമസിക്കുന്ന ഗ്രാമമാണ് ക്ലായ. സംഘർഷം രൂക്ഷമായതോടെ നിരവധിപ്പേർ ഇവിടം വിട്ടുപോയിട്ടും തന്റെ ഇടവക ജനങ്ങൾക്കൊപ്പം നിൽക്കാനായിരുന്നു സെന്റ് ജോർജ് പള്ളിയിലെ വികാരിയായ ഫാദർ എൽ-റാഹിയുടെ തീരുമാനം.
"മരണം വരെ ഞാൻ ഇവിടെത്തന്നെ തുടരും" എന്ന് അദേഹം അടുത്തിടെ ഒരു ടെലിവിഷൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് മാർച്ച് ഒൻപതിന് തന്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ ഇപ്പോൾ ലോകമെങ്ങുമുള്ള വിശ്വാസികളുടെ കണ്ണുനനയിക്കുകയാണ്.
"നമ്മൾ പീഡാനുഭവത്തിന്റെ പാതയിലൂടെയാണ് നടക്കുന്നത്; മരണമുണ്ട് അതിനു ശേഷം നമ്മുടെ കർത്താവായ യേശുക്രിസ്തുവിനൊപ്പം പുനരുത്ഥാനവുമുണ്ട്. എന്റെ വീട്ടിൽ മരിക്കാൻ ഞാൻ തയ്യാറാണ് കാരണം ഇതെന്റെ വീടാണ്." ഈ വാക്കുകൾ പറഞ്ഞ് അധികം വൈകാതെയാണ്
ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെടുന്നത്.
ക്ലായയിലെ ജനങ്ങൾക്ക് അദേഹം കേവലമൊരു വൈദികൻ മാത്രമായിരുന്നില്ല. തെരുവുകളിലെ രോഗികളെ സന്ദർശിക്കാനും ജനന-മരണ ചടങ്ങുകളിൽ കുടുംബാംഗത്തെപ്പോലെ കൂടെനിൽക്കാനും എപ്പോഴും ശ്രദ്ധിച്ചിരുന്നു.
ഇടവകയിലെ ഓരോ കുട്ടിയേയും പേരെടുത്ത് വിളിക്കാൻ തക്കവണ്ണം ആഴത്തിലുള്ള ബന്ധമാണ് ജനങ്ങളുമായി കാത്തുസൂക്ഷിച്ചിരുന്നത്.
1975 ൽ വടക്കൻ ലെബനനിലെ ദിബെ ഗ്രാമത്തിൽ ജനിച്ച ഫാദർ എൽ-റാഹി 2000 കളുടെ തുടക്കത്തിലാണ് മാരോണൈറ്റ് പുരോഹിതനായി അഭിഷിക്തനാകുന്നത്.
തുടർന്ന് വർഷങ്ങളോളം ക്ലായയിലെ സെന്റ് ജോർജ് ഇടവകയിൽ തന്റെ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു.