ടെഹ്‌റാന്‍: ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത് ഇറാന്റെ പുതിയ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖൊമേനിയുടെ ആദ്യ സന്ദേശം. ഇറാന്റെ ശത്രുക്കളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും മൊജ്താബ അറിയിച്ചു. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനാണ് മൊജ്താബ ഖൊമേനിയുടെ ആദ്യ ഔദ്യോഗിക സന്ദേശം പുറത്തുവിട്ടത്.
ഇറാന്‍ അയല്‍ക്കാരുമായുള്ള സൗഹൃദത്തില്‍ വിശ്വസിക്കുന്നുവെന്നും അമേരിക്കന്‍ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും മൊജ്തബ വ്യക്തമാക്കി. തന്റെ പിതാവ് ആയത്തുള്ള അലി ഖൊമേനിയുടെയും മിനാബിലെ സ്‌കൂളിലെ പെണ്‍കുട്ടികളുടെയും മരണത്തിന് പ്രതികാരം ചെയ്യുമെന്നും സന്ദേശത്തില്‍ പറയുന്നു.
പുതിയ നേതാവ് ആരായാലും വധിക്കുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്കിടെ മൊജ്താബ പൊതുവേദിയില്‍ ഇതുവരെ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ അസാധാരണ സാഹചര്യത്തിലാണ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കിയുള്ള മൊജ്താബുടെ സന്ദേശം പുറത്തുവിട്ടത്.
യു.എസ്-ഇസ്രയേല്‍ ആക്രമണങ്ങളില്‍ മൊജ്താബയ്ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിന് ശേഷം വ്യാഴാഴ്ചയാണ് സ്റ്റേറ്റ് ടെലിവിഷന്‍ സന്ദേശം സംപ്രേഷണം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.