ഖാര്‍ഗ് ദ്വീപില്‍ യു.എസ് ആക്രമണം: ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്; ആശങ്കയില്‍ ലോകം

ഖാര്‍ഗ് ദ്വീപില്‍ യു.എസ് ആക്രമണം: ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്; ആശങ്കയില്‍ ലോകം

വാഷിങ്ടണ്‍: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി അമേരിക്ക. ഖാര്‍ഗ് ദ്വീപിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ത്തതായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും എന്നാല്‍ അടുത്ത ഘട്ടത്തില്‍ റിഫൈനറികളെ ലക്ഷ്യമിടുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്ന് പോകലിന് വെല്ലുവിളികള്‍ സൃഷ്ടിച്ചാല്‍ ആക്രമണം കടുപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പക്കലുള്ള മാരകമായ ആയുധങ്ങള്‍ പ്രയോഗിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്‍ സൈന്യവും ഈ ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും ആയുധങ്ങള്‍ താഴെ വെച്ച് കീഴടങ്ങണം. അതാണ് ഇറാനില്‍ അവശേഷിക്കുന്നത് സംരക്ഷിക്കാനുള്ള മാര്‍ഗമെന്നും ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം ഇറാന്റെ എണ്ണ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായാല്‍, പശ്ചിമേഷ്യയില്‍ അമേരിക്കയുമായി ഓഹരി പങ്കാളിത്തമുള്ളതോ സഹകരിക്കുന്നതോ ആയ എണ്ണക്കമ്പനികളുടെ എല്ലാ സന്നാഹങ്ങളും തകര്‍ത്ത് ചാരമാക്കുമെന്ന് ഇറാന്‍ സൈനിക വക്താവ് പറഞ്ഞു.

ഇറാന്റെ സാമ്പത്തിക മേഖലയുടെ നട്ടെല്ലായി കണക്കാക്കപ്പെടുന്ന സുപ്രധാന എണ്ണക്കയറ്റുമതി മേഖലയാണ് ഖാര്‍ഗ് എന്ന ചെറു ദ്വീപ്. പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍ ഇറാന്‍ തീരത്ത് നിന്ന് 25 കിലോമീറ്ററില്‍ അധികം ദൂരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്. എട്ട് കിലോമീറ്റര്‍ നീളവും അഞ്ച് കിലോമീറ്ററോളം വീതിയും മാത്രമാണ് ദ്വീപിനുള്ളത്.

മിഡില്‍ ഈസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും ശക്തമായ ബോംബാക്രമണമെന്നാണ് ഖാര്‍ഗില്‍ നടത്തിയ ആക്രമണത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഖാര്‍ഗ് ദ്വീപ് ആക്രമിക്കപ്പെട്ടതോടെ ലോകത്തിന്റെ സാമ്പത്തിക-ഊര്‍ജ മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കുമെന്ന ആശങ്കയും ശക്തമാകുകയാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.