തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ 'കേരളം ജയിക്കും, യുഡിഎഫ് നയിക്കും' എന്ന പുതിയ പ്രചാരണ മുദ്രാവാക്യവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ കടുത്ത ആരോപണങ്ങള്‍ നിരത്തി മുന്‍നിര പത്രങ്ങളില്‍ പരസ്യം നല്‍കിയാണ് യുഡിഎഫ് പ്രചാരണ രംഗത്ത് സജീവമായത്.
സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പരസ്യത്തിലൂടെ യുഡിഎഫ് ഉന്നയിക്കുന്നത്. സ്വര്‍ണക്കൊള്ള, ആരോഗ്യ മേഖലയിലെ തകര്‍ച്ച, അനിയന്ത്രിതമായ വിലക്കയറ്റം, വര്‍ധിച്ച് വരുന്ന വന്യജീവി ആക്രമണം എന്നിവയാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്.
ഈ ദുര്‍ഭരണം അവസാനിക്കാന്‍ ഇനി 25 ദിവസം മാത്രം, കണക്ക് ചോദിക്കാന്‍ സമയമായി എന്ന മുന്നറിയിപ്പോടെയാണ് പ്രചാരണം കൊഴുപ്പിക്കുന്നത്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് കോണ്‍ഗ്രസ്. ഇതിനായുള്ള അവസാനഘട്ട ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കള്‍ ഇന്ന് വീണ്ടും ഡല്‍ഹിയിലെത്തും. ചില എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കൈക്കൊള്ളും.
ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്ന് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് അവസാന ശ്രമം നടത്തുന്നുണ്ട്. എല്‍ഡിഎഫ് ഇതിനകം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ശക്തമായ തിരിച്ച് വരവിനാണ് യുഡിഎഫ് ഒരുങ്ങുന്നത്.