കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇന്ന്: 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട പട്ടിക ഇന്ന്: 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. ഡല്‍ഹിയില്‍ ചേരുന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷമായിരിക്കും പ്രഖ്യാപനം.

ഇന്ന് തന്നെ പ്രഖ്യാപനവുമുണ്ടായേക്കും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ തര്‍ക്കം തുടരുകയാണ്. മത്സര സന്നദ്ധത അറിയിച്ച് പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുന്ന കെ.സുധാകരന്‍ എംപി രാവിലെ ഡല്‍ഹിയില്‍ എത്തും. രാഹുല്‍ ഗാന്ധിയുമായും മല്ലികാര്‍ജുന്‍ ഖാര്‍ഗേയുമായും കൂടിക്കാഴ്ച നടത്തും. സീറ്റ് ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന നിലപാടിലാണ് സുധാകരന്‍. സീറ്റിന്റെ കാര്യത്തില്‍ ഉറപ്പ് ലഭിച്ചാല്‍ മാത്രമേ ഡല്‍ഹിയിലേക്ക് തിരിച്ചുവരൂ എന്നായിരുന്നു നേരത്തെയുള്ള നിലപാട്.

നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് വേണ്ട എല്ലാ രേഖകളും ശരിയാക്കി കാത്തിരിക്കുകയാണ് അടൂര്‍ പ്രകാശ്. ഈഴവ പ്രാതിനിധ്യം കണക്കിലെടുത്ത് ഇരുവര്‍ക്കും ഇളവ് നല്‍കിയേക്കുമെന്നും സൂചനയുണ്ട്.

അതേസമയം തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ യുഡിഎഫ് ചിത്രം തെളിഞ്ഞത് മൂന്നിടത്ത് മാത്രമാണ്. കോവളത്ത് സിറ്റിങ് എംഎല്‍എ എം വിന്‍സന്റ് തന്നെ വീണ്ടും ജനവിധി തേടുമ്പോള്‍ വട്ടിയൂര്‍ക്കാവില്‍ കെ.മുരളീധരന്‍ പ്രചാരണം തുടങ്ങി. വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏത് മണ്ഡലമാണെന്ന് തീര്‍ച്ചയായിട്ടില്ല. തിരുവനന്തപുരം സിഎംപിക്ക് നല്‍കാന്‍ ധാരണയായെങ്കിലും പ്രഖ്യാപനം നീളുകയാണ്. പാലക്കാട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നടന്‍ രമേഷ് പിഷാരടി മത്സരിക്കും.

അതേസമയം എം.പിമാര്‍ നിയമസഭയിലേക്ക് മത്സരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമുണ്ടാകും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി മുസ്ലീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകള്‍ രണ്ടാം ദിവസവും തുടരുകയാണ്. ജില്ലാ ഭാരവാഹികളുമായി വ്യക്തിഗത കൂടിക്കാഴ്ചകള്‍ നടത്തിയാണ് തങ്ങള്‍ അഭിപ്രായം തേടുന്നത്. പി.കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുന്നതോടെ വെങ്ങരയില്‍ കെ.എം ഷാജിയെ മത്സരിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.