ന്യൂഡല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ പ്രതിയാക്കപ്പെട്ട സാഹചര്യത്തില്‍ പെരുമ്പാവൂരില്‍ സിറ്റിങ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്ക് സീറ്റുണ്ടാകില്ലെന്ന് സൂചന.
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായ ഉല്ലാസ് തോമസ്, മനോജ് മൂത്തേടന്‍ തുടങ്ങിയവരെയാണ് പെരുമ്പാവൂരില്‍ പരിഗണിക്കുന്നതെന്നാണ് വിവരം. പാര്‍ട്ടി പത്രമായ വീക്ഷണത്തിന്റെ എംഡി അഡ്വ. ജെയ്സണ്‍ ജോസഫിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്.
എന്നാല്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് വേണ്ടി രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡില്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. ലൈംഗികാതിക്രമ കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റിയിലെ മുതിര്‍ന്ന ദേശീയ നേതാക്കളും എല്‍ദോസ് കുന്നപ്പിള്ളിയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ശക്തമായ നിലപാടെടുത്തിട്ടുണ്ട്.
സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ എല്‍ദോസ് കുന്നപ്പിള്ളി ഡല്‍ഹിയിലെത്തി ദേശീയ നേതാക്കളെ കണ്ടിരുന്നു. അതിനിടെ കോവളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എം. വിന്‍സെന്റിന് സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നതിലും ഹൈക്കമാന്‍ഡ് ആലോചന തുടരുന്നതായാണ് സൂചന.