കൊച്ചി: തൊണ്ടിമുതല്‍ കേസില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവും മുന്‍ ഗതാഗത മന്ത്രിയുമായ ആന്റണി രാജുവിന് തിരിച്ചടി. തൊണ്ടിമുതല്‍ തിരിമറി കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഇതോടെ അദേഹത്തിന് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.
മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആന്റണി രാജുവിന് എംഎല്‍എ സ്ഥാനം നഷ്ടമാവുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അയോഗ്യനാവുകയുമായിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു ആന്റണി രാജു.
അയോഗ്യത മാറിക്കിട്ടാനാണ് ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഈ ആവശ്യവുമായി തിരുവനന്തപുരം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ആവശ്യം കോടതി തള്ളി. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
ആന്റണി രാജുവിന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം ലഭിക്കുമെന്നും മത്സരിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലായിരുന്നു ജനാധിപത്യ കേരളാ കോണ്‍ഗ്രസ്. അതിനാണിപ്പോള്‍ തിരിച്ചടിയേറ്റിരിക്കുന്നത്. ആരാകും മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാവുക എന്നതാണ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഉയരുന്ന ചോദ്യം.
ജൂനിയര്‍ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസില്‍ വിദേശ പൗരനെ രക്ഷിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്ന കേസിലാണ് ആന്റണി രാജുവിനെ കോടതി മൂന്നുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്.
കേരള ചരിത്രത്തില്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് എംഎല്‍എ സ്ഥാനം നഷ്ടമാവുന്ന ആദ്യത്തെയാളാണ് ആന്റണി രാജു. കേസില്‍ രണ്ടാം പ്രതിയാണ് അദേഹം. ഒന്നാം പ്രതി ജില്ലാ കോടതിയിലെ ക്ലര്‍ക്ക് കെ.എസ്. ജോസിനും മൂന്ന് വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചിട്ടുള്ളത്. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
1990 ഏപ്രില്‍ നാലിനാണ് ഓസ്‌ട്രേലിയന്‍ സ്വദേശി ആന്‍ഡ്രൂ സാല്‍വത്തോറിനെ 61 ഗ്രാം ഹാഷിഷുമായി വിമാനത്താവളത്തില്‍ പിടികൂടിയത്. വലിയതുറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആന്‍ഡ്രൂ സാല്‍വത്തോറിനെ ജില്ലാക്കോടതി 10 വര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. 1992 ല്‍ ഹൈക്കോടതി ഇയാളെ വെറുതേവിട്ടു.
1992 ല്‍ ഇന്ത്യ വിട്ട് ഓസ്ട്രേലിയയില്‍ എത്തിയ ഇയാള്‍ അവിടെ കൊലക്കേസില്‍ അറസ്റ്റിലായി ജയിലിലായി. അവിടെ സഹതടവുകാരനോട് നടത്തിയ വെളിപ്പെടുത്തലാണ് ആന്റണി രാജുവിന് കുരുക്കായത്. ജില്ലാ കോടതിയില്‍ തൊണ്ടി മുതലായി സൂക്ഷിച്ചിരുന്ന അടിവസ്ത്രത്തില്‍, പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതി ക്ലാര്‍ക്കായ ജോസും ചേര്‍ന്ന് തിരിമറി നടത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍.
സഹതടവുകാരന്‍ ഇത് ഓസ്‌ട്രേലിയന്‍ പോലീസിനെ അറിയിക്കുകയും അവര്‍ ഇന്റര്‍പോള്‍ വഴി കേരള പോലീസിന് വിവരം കൈമാറുകയുമായിരുന്നു.