ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ്.
ലെബനനില്‍ ഇസ്രയേല്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു.
ടെഹ്‌റാന്‍: യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇറാനില്‍ ആക്രമണം ശക്തമാക്കി ഇസ്രയേലും അമേരിക്കയും. കഴിഞ്ഞ ദിവസം രാത്രി നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മയില്‍ ഖത്തീബ് കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്്‌സ് പറഞ്ഞു. എന്നാല്‍ ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാന്റെ ഉന്നത നേതൃത്വത്തെ ഇല്ലാതാക്കാന്‍ താനും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രയേല്‍ സൈന്യത്തിന് എല്ലാ അധികാരവും നല്‍കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാന്‍ ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ഗുലാംറേസ സുലൈമാനി എന്നിവര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു.
ആക്രമണങ്ങളില്‍ ഇതുവരെ 1,300 ലധികം ആളുകള്‍ മരിച്ചതായാണ് ഇറാന്‍ കണക്കാക്കുന്നത്. എന്നാല്‍ മരണ സംഖ്യ 1,850 കടന്നിരിക്കാമെന്ന് വിവിധ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. ഇറാഖിലെ എര്‍ബിലിലും സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇസ്രയേലും ഹിസ്ബുള്ളയും തമ്മില്‍ പോരാട്ടം നടക്കുന്ന ലെബനനിലും മരണസംഖ്യ ഉയരുകയാണ്. ലെബനനില്‍ ഇതുവരെ 773 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇന്ന് മധ്യ ബെയ്റൂട്ടിലെ സുഖാഖ് അല്‍ ബ്ലാറ്റില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. അതിനിടെ ഗാസയില്‍ ഹമാസ് കമാന്‍ഡര്‍ യഹിയ അബു ലബ്ദയെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
അതേസമയം സെന്‍ട്രല്‍ ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവര്‍ ദമ്പതികളാണ്. വടക്കന്‍ ഇസ്രയേല്‍ ലക്ഷ്യമിട്ട് തൊടുത്ത മിസൈലിനെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തപ്പോള്‍ മറ്റൊരു മിസൈല്‍ സെന്‍ട്രല്‍ ഇസ്രയേലില്‍ പതിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.