പറവൂര്‍: പറവൂര്‍ മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പറവൂര്‍ തനിക്ക് കേവലം ഒരു മണ്ഡലമല്ല കുടുംബം പോലെയാണ്. ഉടന്‍ തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ 14 നിയസഭാ സീറ്റുകളിലും യു.ഡി.എഫ് ഐതിഹാസിക വിജയം നേടുമെന്ന് വി.ഡി സതീശന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പറവൂരിലെ ജനങ്ങള്‍ ഓരോ തവണയും തനിക്ക് വലിയ ഭൂരിപക്ഷമാണ് നല്‍കുന്നത്. ഈ മണ്ഡലവുമായി തനിക്ക് അത്രമാത്രം ഹൃദയബന്ധമുണ്ട്. അത് തന്റെ കുടുംബം തന്നെയാണെന്നും അദേഹം പറഞ്ഞു. കോണ്‍ഗ്രസിന് ഏറ്റവും മികച്ച സംഘടനാ സംവിധാനമുള്ള മണ്ഡലമാണ് പറവൂര്‍.
എറണാകുളം ജില്ലയില്‍ ഇത്തവണ 14 ല്‍ 14 സീറ്റുകളും യു.ഡി.എഫ് പിടിച്ചെടുക്കും. അതിനുള്ള സാഹചര്യമാണ് നിലവിലുള്ളതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. മണ്ഡലത്തിലെ വിവിധ കുടുംബ സംഗമങ്ങളിലും പൊതുപരിപാടികളിലും പങ്കെടുത്തുകൊണ്ടാണ് അദേഹം പ്രചാരണം സജീവമാക്കുന്നത്.