സിഡ്‌നിയിലെ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരത്തിനിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം: പരിപാടി പൂർത്തിയാക്കാതെ മടങ്ങി ആന്റണി ആൽബനീസ്

സിഡ്‌നിയിലെ മസ്ജിദിൽ പെരുന്നാൾ നമസ്ക്കാരത്തിനിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിക്കു നേരെ പ്രതിഷേധം: പരിപാടി പൂർത്തിയാക്കാതെ മടങ്ങി ആന്റണി ആൽബനീസ്

സിഡ്‌നി: വെസ്റ്റേൺ സിഡ്‌നിയിലെ ലകെംബ മസ്ജിദിൽ നടന്ന ഈദുൽ ഫിത്തർ ആഘോഷങ്ങൾക്കിടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസിനും ആഭ്യന്തര മന്ത്രി ടോണി ബർക്കിനും നേരെ മുസ്‌ലിം വിശ്വാസികളുടെ കനത്ത പ്രതിഷേധം. പ്രസംഗം തടസപ്പെട്ടതിനെ തുടർന്ന് പ്രധാനമന്ത്രിക്ക് വേദി വിട്ട് പോകേണ്ടി വന്നതായും പരിപാടി പാതിവഴിയിൽ ഉപേക്ഷിച്ച് അദ്ദേഹം മടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

നമസ്കാരത്തിന് ശേഷം പ്രസംഗം ആരംഭിച്ചതോടെയാണ് സദസിലുണ്ടായിരുന്ന ഒരു വിഭാഗം ആളുകൾ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തിയത്. "ഗാസയിലെ കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്നവർ", "നിങ്ങൾ ഞങ്ങളെ പ്രതിനിധീകരിക്കുന്നില്ല", "ഇവിടെ നിന്ന് പുറത്തുപോകൂ" തുടങ്ങിയ വിളികൾ ഉയർന്നതോടെ അന്തരീക്ഷം പ്രക്ഷുബ്ധമായി. ഗാസയിലെയും ലെബനനിലെയും സംഘർഷങ്ങളിൽ ഓസ്‌ട്രേലിയൻ സർക്കാർ സ്വീകരിക്കുന്ന നിലപാടിലുള്ള ശക്തമായ അമർഷമാണ് ഈ പ്രതിഷേധത്തിന് പിന്നിൽ.

പ്രതിഷേധം വളരെ ചെറിയ ഒരു വിഭാഗത്തിൽ നിന്ന് മാത്രമായിരുന്നുവെന്ന് ആന്തണി ആൽബനീസ് പിന്നീട് പ്രതികരിച്ചു. മുപ്പതിനായിരത്തിലധികം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഭൂരിഭാഗം പേരും തങ്ങളെ ഊഷ്മളമായാണ് സ്വീകരിച്ചതെന്നും അ
ഹം പറഞ്ഞു. തീവ്ര സ്വഭാവമുള്ള സംഘടനകളെ നിരോധിച്ചതിലുള്ള ചിലരുടെ വ്യക്തിപരമായ എതിർപ്പാണ് പ്രതിഷേധത്തിന് പിന്നിലെന്നും ആൽബനീസ് കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രിയെയും മന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ച നടപടിയെ ലബനീസ് മുസ്ലിം അസോസിയേഷൻ ന്യായീകരിച്ചു. ഭരണകൂടത്തോട് നേരിട്ട് വിയോജിപ്പുകൾ അറിയിക്കാനുള്ള അവസരമായാണ് ഇതിനെ കാണുന്നതെന്നും ആശയവിനിമയത്തിന്റെ വാതിലുകൾ അടയ്ക്കുന്നത് പരിഹാരമല്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി. അതേസമയം, ആരാധനാലയങ്ങളിൽ രാഷ്ട്രീയ നേതാക്കളെ പ്രവേശിപ്പിക്കുന്നതിനെ ചൊല്ലി മുസ്ലിം സമൂഹത്തിനിടയിൽ ഭിന്നാഭിപ്രായങ്ങൾ ശക്തമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.