കാലടി: വിശ്വപ്രസിദ്ധമായ മലയാറ്റൂർ കുരിശുമുടി തിരുനാൾ ഏപ്രിൽ ഒമ്പത് മുതൽ 11 വരെ നടക്കും. വിശുദ്ധ വാരം അടുത്തതോടെ മലയാറ്റൂരിലേക്ക് തീർത്ഥാടകരുടെ വൻ പ്രവാഹമാണ് അനുഭവപ്പെടുന്നത്. മാർച്ച് ഒന്ന് മുതൽ മലയാറ്റൂർ പള്ളിയിലും കുരിശുമുടി പള്ളിയിലും 50 ദിന വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചതായി ഇടവക വികാരി ഫാ. ജോസ് ഒഴലക്കാട്ട് അറിയിച്ചു.
ഓശാന ഞായർ മുതൽ താഴത്തെ പളിയിലും കുരിശുമുടി പള്ളിയിലും പ്രത്യേക കുർബാനയും കുമ്പസാരവും ഉണ്ടായിരിക്കും. സർക്കാർ സംവിധാനങ്ങളുടെ ഏകോപനം നടന്നുവരുന്നു. പൊലീസ്, ആരോഗ്യ വകുപ്പ്, കെഎസ്ആർടിസി സർവീസുകൾ, കെ.എസ്.ഇ.ബിയുടെ വൈദ്യുതി വിതരണ സംവിധാനങ്ങൾ, ഫോറസ്റ്റ് ഡിപ്പാർട്ട്മെൻ്റ് സേവനം, ഗതാഗത പരിഷ്കരണം എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.
വിവിധ ഇടങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു. ബൈബിൾ കൺവെൻഷൻ 26,27, 28 തിയതികളിൽ നടക്കും.