തൃശൂര്‍: മുഹൂര്‍ത്തം തെറ്റാതെ പത്രിക സമര്‍പ്പിക്കുന്നതിന് മുറിയിലേക്ക് ഇടിച്ചുകയറിയ തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പദ്മജ വേണുഗോപാലിനെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനെയും വരണാധികാരി പുറത്താക്കി. ഇന്നലെ രാവിലെ തൃശൂര്‍ ആര്‍.ഡി.ഒ ഓഫീസിലായിരുന്നു സംഭവം.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജന്‍ പല്ലനാണ് ആദ്യം പത്രിക നല്‍കാന്‍ അനുമതി നല്‍കിയത്. 10:30 ന് ഓഫീസിലെത്തിയ രാജന്‍ പത്രിക നല്‍കി ഇറങ്ങുമ്പോള്‍ സമയം 11:10 ആയിരുന്നു. തുടര്‍ന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആലങ്കോട് ലീലാകൃഷ്ണന്റെ ഊഴമായിരുന്നു. സ്ഥാനാര്‍ത്ഥിയ്‌ക്കൊപ്പം മുന്‍മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ വരണാധികാരിയുടെ ഓഫീസിലെത്തിയിരുന്നു.
ഇതിനിടെ പ്രകടനവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ഉള്‍പ്പെടെയുള്ളവര്‍ എത്തുകയായിരുന്നു. തുടര്‍ന്ന് മുഹൂര്‍ത്തം തെറ്റുമെന്ന് പറഞ്ഞ് പദ്മജയും പട്ടേലുമുള്‍പ്പെടെയുള്ളവര്‍ മറ്റൊരു വാതിലിലൂടെ ഓഫീസിലേയ്ക്ക് കയറി. 11:30 മുതല്‍ 12:15 വരെ മുഹൂര്‍ത്തമാണെന്നും പത്രിക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ആദ്യം വന്നവരുടെ പത്രിക സ്വീകരിക്കണമെന്നും മുഹൂര്‍ത്തമല്ല ചട്ടമാണ് പ്രധാനമെന്നും വി.എസ്.സുനില്‍കുമാര്‍ തടസവാദം ഉന്നയിച്ചു. തുടര്‍ന്ന് പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുള്‍പ്പെടെയുള്ളവര്‍ പുറത്തേക്ക് പോകണമെന്ന് വരാണാധികാരി കൂടിയായ ആര്‍.ഡി.ഒ വിനോദ് രാജ് ആവശ്യപ്പെടുകയായിരുന്നു.
ആലങ്കോട് ലീലാകൃഷ്ണന്‍ പത്രിക സമര്‍പ്പിച്ച ശേഷം 11:50 നാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് പത്രിക സമര്‍പ്പണത്തിന് കയറിയ പദ്മജയ്ക്ക് മുഹൂര്‍ത്തം കഴിയും മുമ്പ് നല്‍കാനായില്ല. ഒപ്പുകളും മറ്റും പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. ഇതിന് സമയമെടുത്തതോടെ മുഹൂര്‍ത്തം തെറ്റുകയും ചെയ്തു.