ഒമാനില്‍ മിന്നല്‍ പ്രളയം: രണ്ട് മലയാളികള്‍ മരിച്ചു; ഒരാളെ കാണാതായി

ഒമാനില്‍ മിന്നല്‍ പ്രളയം: രണ്ട് മലയാളികള്‍ മരിച്ചു; ഒരാളെ കാണാതായി

മസ്‌കറ്റ്: ഒമാനിലെ മിന്നല്‍ പ്രളയത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. ഒരാളെ കാണാതായി. തൃത്താല സ്വദേശികളായ ഷംല, യൂസഫ് എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ അപകടത്തില്‍ കാണാതായി. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുന്നു.

നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരെ രക്ഷപ്പെടുത്തി. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മിന്നല്‍ പ്രളയത്തില്‍ അകപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ശക്തമായ മഴയുണ്ടായത്. തെക്കന്‍ അല്‍ ബത്തിന ഗവര്‍ണറേറ്റിലായിരുന്നു അപകടം.

ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പം പെരുന്നാളിനോടനുബന്ധിച്ച് യാത്ര പോയതായിരുന്നു. മൂന്ന് വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) യിലെ പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

പലയിടങ്ങളിലായി അപകടത്തില്‍പ്പെട്ട മുപ്പത്തഞ്ചോളം പേരെയാണ് രക്ഷപ്പെടുത്തിയത്. വീടിനുള്ളില്‍ കുടുങ്ങിപ്പോയ ചിലരെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പെട്ടന്നുണ്ടായ ശക്തമായ മഴയില്‍ റോഡുകളിലും മറ്റും പൊടുന്നനെ വെള്ളം നിറഞ്ഞ് വലിയ തോതില്‍ മഴവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ഇതിലായിരുന്നു വാഹനങ്ങള്‍ ഒഴുകിപ്പോയത്.

പൗരന്മാരോടും താമസക്കാരോടും അതീവ ജാഗ്രത പാലിക്കാനും നദികള്‍ ഒഴുകുമ്പോള്‍ കുറുകെ കടക്കുന്നത് ഒഴിവാക്കാനും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. യുദ്ധഭീതിക്കിടെ പ്രളയദുരന്തം കൂടി വന്നതോടെ ഒമാന്‍ നിവാസികള്‍ കടുത്ത ആശങ്കയിലാണ്. വരും ദിവസങ്ങളിലും ശക്തമായ മഴയുണ്ടാകുമെന്നും ഈ മാസം മുപ്പതുവരെ മഴ തുരുമെന്നുമാണ് മുന്നറിയിപ്പ്. ചില മലയോര പാതകള്‍ താല്‍ക്കാലികമായി അടച്ചു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.