ഇംഫാല്‍: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി കുക്കി സംഘടനകളുമായി ചര്‍ച്ച നടത്തി മുഖ്യമന്ത്രി യുമ്‌നാം ഖേംചന്ദ്. മൂന്ന് വര്‍ഷത്തോളം നീണ്ട കലാപത്തിന് ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് കുക്കി തയാറാകുന്നത്. പ്രശ്‌ന പരിഹാരത്തിന് ചില ഉപാധികള്‍ അറിയിച്ചെന്ന് കുക്കി സംഘടനകള്‍ വ്യക്തമാക്കി.
2023 മെയില്‍ മണിപ്പൂരില്‍ തുടങ്ങിയ സംഘര്‍ഷത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. ഇതിനിടെ കുക്കി-നാഗ വിഭാഗങ്ങളും ഏറ്റുമുട്ടി. മുന്‍ മുഖ്യമന്ത്രി ബീരേന്‍ സിങങ്ങിനെ മാറ്റി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാണ് സംസ്ഥാനത്തെ അന്തരീക്ഷം തണുപ്പിക്കാന്‍ കേന്ദ്രം നോക്കിയത്.
പിന്നീട് വൈ. ഖേംചന്ദിനെ പുതിയ മുഖ്യമന്ത്രിയായി ബിജെപി നിയോഗിച്ചതും അനുനയ നീക്കത്തിന്റെ ഭാഗമായിട്ടാണ്. കുക്കി വിഭാഗത്തില്‍ നിന്നുള്ള വനിതയെ ഉപമുഖ്യന്ത്രിയാക്കി വിശ്വാസം തിരികെ പിടിക്കാനുള്ള നീക്കവും നടന്നു. സംസ്ഥാന സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന നിലപാടില്‍ അയവ് വരുത്തിയാണ് കുക്കി സംഘടനകള്‍ ഇന്നലെ മുഖ്യമന്ത്രി വിളിച്ച ചര്‍ച്ചയ്ക്ക് എത്തിയത്.
മെയ്‌തേയ് വിഭാഗത്തില്‍ പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകള്‍ ചര്‍ച്ച നടത്തിയത് തന്നെ ശുഭ സൂചനയായിട്ടാണ് സര്‍ക്കാര്‍ കാണുന്നത്. ചര്‍ച്ചയില്‍ പ്രത്യേക ഭരണകൂടം എന്നാവശ്യവും ബഫര്‍ സോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന പ്രതിനിധികള്‍ വ്യക്തമാക്കി. സമാധാന ശ്രമങ്ങള്‍ക്ക് എല്ലാം പിന്തുണയും പ്രഖ്യാപിച്ചെന്ന് കുക്കി സോ സംഘടന പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറയുന്നു.
എന്നാല്‍ യോഗത്തില്‍ തീരുമാനങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് സംഘടന അറിയിച്ചു. നേരത്തെ കുക്കി സംഘടനകളുമായുള്ള ചര്‍ച്ചക്കൊടുവിലാണ് പുതിയ സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. പുതിയ മുഖ്യമന്ത്രി വൈ. ഖേംചന്ദിനോട് കുക്കി സംഘടനകള്‍ക്ക് കാര്യമായ എതിര്‍പ്പില്ല. ഇതിലൂടെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്‍പായി പ്രശ്‌ന പരിഹാരത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.