വാഷിങ്ടണ്‍: മൂന്നാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ആശ്വാസം പകര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് താല്‍കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അഞ്ച് ദിവസത്തേയ്ക്ക് ഇറാന്റെ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഡോണള്‍ഡ് ട്രംപ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.
വര്‍ധിച്ചു വരുന്ന സംഘര്‍ഷത്തിന് പൂര്‍ണമായ പരിഹാരം ലക്ഷ്യമിട്ട് ഇറാനുമായി അമേരിക്ക ഫലപ്രദമായ ചര്‍ച്ച ആരംഭിച്ചതായും ട്രംപ് സൂചിപ്പിച്ചു. ചര്‍ച്ചകള്‍ തുടരുന്നതിനായി ഇറാനിയന്‍ വൈദ്യുത നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെയുള്ള ഏതെങ്കിലും ആസൂത്രിത ആക്രമണങ്ങള്‍ അഞ്ച് ദിവസത്തേക്ക് മാറ്റി വച്ചതായും ട്രംപ് പറഞ്ഞു.
ഈ ആഴ്ച മുഴുവന്‍ ചര്‍ച്ച തുടരും. നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചകളുടെ വിജയത്തിന് വിധേയമായിരിക്കും തുടര്‍ന്നുള്ള നടപടികളെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അതേസമയം ചര്‍ച്ചകള്‍ നടക്കുന്നതുമായി ബന്ധപ്പെട്ട് ഇറാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രതികരണം നടത്തിയിട്ടില്ല.
അതേസമയം യുദ്ധം പരിഹാരമാകാതെ നീളുന്നതിനാല്‍ ആഗോള തലത്തില്‍ എണ്ണ പ്രതിസന്ധി ഉടലെടുത്ത പശ്ചാത്തലത്തിലുള്ള താല്‍കാലിക വെടിനിര്‍ത്തല്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ കരുത്തു പകരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.