ടിജുവാന: മെക്സിക്കോയിലെ ബാജ കാലിഫോർണിയ സംസ്ഥാനത്ത് കാണാതായ വൈദികനെ മരിച്ച നിലയിൽ കണ്ടെത്തി. ടിജുവാന അതിരൂപതാംഗമായ ഫാ. ജോസ് ലൂയിസ് റോഡ്രിഗസ് ഡി ആൻഡയുടെ (55) മൃതദേഹമാണ് കൊളോണിയ മഡെറോ പരിസരത്തു നിന്നും കണ്ടെടുത്തത്. ടിജുവാനയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മോൺസിഞ്ഞോർ മാരിയോ നിക്കോളാസ് വില്ലാനുവേവ മരണവിവരം സ്ഥിരീകരിച്ചു.
അദ്ദേഹത്തിന് പ്രമേഹവും രക്തസമ്മർദ്ദവും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നതായി അതിരൂപത അറിയിച്ചു. എങ്കിലും മരണത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. വൈദികന്റെ വേർപാടിൽ അതിരൂപത അനുശോചനം രേഖപ്പെടുത്തുകയും അദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.
1970 ൽ ജാലിസ്കോയിൽ ജനിച്ച ഫാ. ജോസ് ലൂയിസ് 2010 ലാണ് പൗരോഹിത്യം സ്വീകരിച്ചത്. വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ച വൈദികൻ രോഗികളുടെ പരിചരണത്തിനായുള്ള രൂപതാ കമ്മീഷന്റെ തലവനായും മികച്ച പ്രവർത്തനം കാഴ്ചവെച്ചിരുന്നു.
വൈദികർക്ക് ഏറ്റവും കൂടുതൽ ഭീഷണിയുള്ള രാജ്യങ്ങളിലൊന്നായ മെക്സിക്കോയിൽ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ സമാനമായ സംഭവമാണിത്. കഴിഞ്ഞ മാർച്ച് എട്ടിന് ചിയാപാസ് സംസ്ഥാനത്ത് കാണാതായ ഫാ. ജുവാൻ മാനുവൽ സവാല മാഡ്രിഗലിന്റെ മൃതദേഹവും ദിവസങ്ങൾക്ക് മുൻപ് കണ്ടെടുത്തിരുന്നു. ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടം വൈദികരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്നുവെന്ന ആശങ്ക സഭാ നേതൃത്വം പങ്കുവെക്കുന്നു.