മാനന്തവാടി: ഈസ്റ്റര്‍ ദിനത്തില്‍ ദേശീയ പ്രവേശന പരീക്ഷകള്‍ നിശ്ചയിച്ചതില്‍ ശക്തമായ ആശങ്ക രേഖപ്പെടുത്തി കെസിവൈഎം മാനന്തവാടി രൂപതാ സമിതി. രാജ്യത്തുടനീളം ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ജെ.ഇ.ഇ പോലുള്ള പ്രധാന പരീക്ഷകളുടെ സമയക്രമം നിശ്ചയിക്കുമ്പോള്‍, വിവിധ മത വിഭാഗങ്ങളുടെ വിശേഷ ദിവസങ്ങള്‍ കൂടി പരിഗണിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി ചൂണ്ടിക്കാട്ടി.
ഈസ്റ്റര്‍ ദിനത്തില്‍ പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളെ വലിയ മാനസിക സംഘര്‍ഷത്തിലേക്കും പ്രതിസന്ധിയിലേക്കും നയിക്കും. വിശ്വാസപരമായ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കണോ അതോ ജീവിതത്തിലെ നിര്‍ണായകമായ പരീക്ഷ എഴുതണോ എന്ന ദ്വന്ദാവസ്ഥ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ സൃഷ്ടിക്കുന്നത് നീതിയല്ലെന്നും കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് നിഖില്‍ ചൂടിയാങ്കല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന മത-സാംസ്‌കാരിക പശ്ചാത്തലം മാനിച്ച് പരീക്ഷാ കലണ്ടര്‍ തയ്യാറാക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തപരമായ സമീപനം അധികൃതര്‍ സ്വീകരിക്കണം. വിദ്യാര്‍ത്ഥികളുടെ വിശ്വാസത്തെയും ഭാവിയെയും ഒരുപോലെ മാനിച്ചുകൊണ്ട് പരീക്ഷാ തിയതികള്‍ അടിയന്തരമായി പുനക്രമീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കെസിവൈഎം മാനന്തവാടി രൂപതാ സമിതി ആവശ്യപ്പെട്ടു.