കല്‍പറ്റയില്‍ 'ജനശബ്ദം 2026' സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപത

കല്‍പറ്റയില്‍ 'ജനശബ്ദം 2026' സംഘടിപ്പിച്ച് കെസിവൈഎം മാനന്തവാടി രൂപത

കല്‍പറ്റ: കെസിവൈഎം മാനന്തവാടി രൂപത സംഘടിപ്പിച്ച 'ജനശബ്ദം 2026' ജനകീയ ചര്‍ച്ച കല്‍പറ്റയില്‍ നടന്നു. 'വയനാടിന്റെ വെല്ലുവിളികള്‍: ജനകീയ ആവശ്യങ്ങളും രാഷ്ട്രീയ സമീപനങ്ങളും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച വയനാടന്‍ ജനതയുടെ അതിജീവന പോരാട്ടങ്ങള്‍ക്കും നീറുന്ന പ്രശ്‌നങ്ങള്‍ക്കുമുള്ള ശബ്ദമായിരുന്നു.

കല്‍പറ്റ പഴയ പോസ്റ്റ് ഓഫിസ് പരിസരത്ത് നടന്ന ചര്‍ച്ചാ സംഗമം വയനാടിന്റെ വികസന മുരടിപ്പും രാഷ്ട്രീയ സമീപനങ്ങളും വിചാരണ ചെയ്യുന്ന വേദിയായി മാറി. വയനാട് നേരിടുന്ന വന്യജീവി ആക്രമണം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍, ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ പിന്നോക്കാവസ്ഥ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു.

വയനാടിന്റെ വിലാപം കേള്‍ക്കാനും ജനതയുടെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ക്ക് പരിഹാരം തേടാനുമായി സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ബിജെപി പ്രതിനിധിയായി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയല്‍, കോണ്‍ഗ്രസ് പ്രതിനിധിയായി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി.പി.എം പ്രതിനിധിയായി ഡിവൈഎഫ്‌ഐ ജില്ല പ്രസിഡന്റ് കെ. ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുക്കുകയും തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുകയും ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്ത് ചര്‍ച്ചയില്‍ സജീവമായി.

കെസിവൈഎം മുന്‍ പ്രസിഡന്റ് സജിന്‍ ജോസ് ചര്‍ച്ചാ നടപടികള്‍ നിയന്ത്രിച്ചു. മണ്ണിന്റെ അതിജീവനത്തിനായി യുവജനത ഉണരണമെന്നും രാഷ്ട്രീയ ഭേദമന്യേ വയനാടിന്റെ ആവശ്യങ്ങള്‍ക്കായി ഒന്നിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നു.

നൂറ് കണക്കിന് യുവജനങ്ങളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിലാണ് ഏകോപിപ്പിച്ചത്. വയനാടിന്റെ ശബ്ദം അധികാരികളുടെ കാതുകളിലെത്തിക്കാന്‍ ഇത്തരം ജനകീയ ചര്‍ച്ചകള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് കെസിവൈഎം രൂപതാ പ്രസിഡന്റ് നിഖില്‍ ചുടിയാങ്കല്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.