തിരുവനന്തപുരം: കേരളത്തില്‍ പാചകവാതക വിതരണത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകള്‍ക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുക. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വിവിധ മേഖലകളെ തരംതിരിച്ചാണ് പാചകവാതക വിതരണത്തില്‍ ക്രമീകരണങ്ങള്‍ വരുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആശുപത്രികള്‍, അങ്കണവാടികള്‍, സ്‌കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണുകള്‍ (സുഭിക്ഷ ഹോട്ടലുകള്‍), വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ സിലിണ്ടറുകള്‍ തടസമില്ലാതെ ലഭ്യമാക്കും. മരുന്ന് നിര്‍മാണ കമ്പനികള്‍, മത്സ്യബന്ധന മേഖല, റെയില്‍വേ, എയര്‍ലൈന്‍ കാറ്ററിങ് യൂണിറ്റുകള്‍ എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം സിലിണ്ടറുകള്‍ നല്‍കും.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍/തദേശ സ്ഥാപനങ്ങള്‍ നടത്തുന്ന കിച്ചണുകള്‍ എന്നിവയ്ക്ക് നിലവില്‍ ലഭിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ സിലിണ്ടറുകള്‍ മാത്രമേ ഇനി അനുവദിക്കൂ. വാണിജ്യ, വ്യവസായ മേഖലയിലുള്ള ഉപയോക്താക്കള്‍ പൈപ്പ് ലൈന്‍ നാച്ചുറല്‍ ഗ്യാസ് (PNG) കണക്ഷനുകള്‍ ലഭ്യമാക്കുന്നതിനായി ഉടന്‍ അപേക്ഷിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സിറ്റി ഗ്യാസ് (CGD) സൗകര്യമുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങള്‍ അടിയന്തരമായി ഈ സംവിധാനത്തിലേക്ക് മാറണം. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങള്‍ക്കും വിവരങ്ങള്‍ക്കുമായി www.lpgtrackerkerala.in എന്ന വെബ് പോര്‍ട്ടല്‍ സജമാക്കിയിട്ടുണ്ട്.