പ്യോങ്യാങ്: ഉത്തര കൊറിയയുടെ 'ആണവ പദവി' ആര്‍ക്കും മാറ്റാനാവാത്ത വിധം ഉറച്ചതെന്ന് ഭരണാധികാരി കിം ജോങ് ഉന്‍. അമേരിക്കയും ഇറാനും തമ്മിലുള്ള നിലവിലെ യുദ്ധ സാഹചര്യങ്ങള്‍ തങ്ങളുടെ ആണവായുധ നയം ശരിയാണെന്ന് തെളിയിക്കുന്നതാണെന്നും സുപ്രീം പീപ്പിള്‍സ് അസംബ്ലിയില്‍ ചൊവ്വാഴ്ച നടത്തിയ പ്രസംഗത്തില്‍ കിം അവകാശപ്പെട്ടു.
ആണവായുധങ്ങള്‍ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ സമ്മര്‍ദ്ദങ്ങളെയും വാഗ്ദാനങ്ങളെയും തള്ളിക്കളഞ്ഞ തന്റെ തീരുമാനം നൂറുശതമാനം ശരിയാണെന്ന് നിലവിലെ സാഹചര്യം വ്യക്തമാക്കുന്നു. ഇറാന്റെ ആണവശേഷി അമേരിക്ക തകര്‍ത്തുവെന്ന അവകാശവാദങ്ങള്‍ക്ക് പിന്നാലെയാണ് മേഖലയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
ആണവായുധമില്ലാത്ത രാജ്യങ്ങളെ അമേരിക്ക സൈനികമായി വേട്ടയാടുമെന്നും എന്നാല്‍ ആണവ ശക്തിയുള്ള രാജ്യങ്ങളെ അവര്‍ ഭയപ്പെടുമെന്നുമുള്ള ഉത്തര കൊറിയയുടെ ദീര്‍ഘകാലമായുള്ള വിശ്വാസത്തിന് അടിവരയിടുന്നതാണ് ഇറാന്‍ സംഘര്‍ഷം.
നയതന്ത്ര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് താല്‍പര്യം പ്രകടിപ്പിക്കുന്നതിനിടയിലാണ് കിമ്മിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. ആണവ നിരായുധീകരണം എന്ന പഴയ അജണ്ട ഇനി ചര്‍ച്ചയാകില്ലെന്ന വ്യക്തമായ സൂചനയാണ് കിം ഇതിലൂടെ നല്‍കുന്നത്.
ഉത്തര കൊറിയയെ ഒരു ആണവ ശക്തിയായി അംഗീകരിക്കുകയും തങ്ങള്‍ക്കെതിരായ ശത്രുതാപരമായ നയങ്ങള്‍ അവസാനിപ്പിക്കുകയും ചെയ്താല്‍ മാത്രമേ ഇനിയൊരു ചര്‍ച്ചയ്ക്ക് പ്രസക്തിയുള്ളൂ എന്ന നിലപാടിലാണ് അദേഹം.
അതിനിടെ പുതിയ യുദ്ധക്കപ്പലുകളില്‍ നിന്നുള്ള ക്രൂയിസ് മിസൈല്‍ പരീക്ഷണങ്ങളും ആണവായുധം വഹിക്കാന്‍ ശേഷിയുള്ള റോക്കറ്റുകളുടെ വിക്ഷേപണവും നടത്തി ഉത്തരകൊറിയ തങ്ങളുടെ സൈനിക കരുത്ത് വീണ്ടും തെളിയിച്ചു. ദക്ഷിണ കൊറിയന്‍ പ്രധാനമന്ത്രി അടുത്തിടെ വാഷിങ്ടണ്‍ സന്ദര്‍ശിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും, ഉത്തര കൊറിയയുടെ പുതിയ നിലപാട് മേഖലയിലെ നയതന്ത്ര നീക്കങ്ങള്‍ക്ക് തിരിച്ചടിയാണ്.