ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കാന്‍ കര്‍ശന നിബന്ധനകളുമായി ഇറാന്‍. ഗള്‍ഫ് മേഖലയിലുള്ള അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും പൂര്‍ണമായും അടച്ചു പൂട്ടണം എന്നതാണ് മുഖ്യ നിബന്ധന. ഹോര്‍മുസിന്റെ പൂര്‍ണ നിയന്ത്രണവും ഇറാന്‍ ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാനായി 15 ഇന നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച ട്രംപിന്റെ നടപടിയോടുള്ള പ്രതികരണമാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്.
ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാനും ഹോര്‍മുസിലൂടെ കടന്നു പോകുന്ന കപ്പലുകളില്‍ നിന്ന് ട്രാന്‍സിറ്റ് ഫീസ് ഈടാക്കാനുമുള്ള അധികാരം നല്‍കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇറാനുമേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ സാമ്പത്തിക ഉപരോധങ്ങളും പിന്‍വലിക്കുക, യുദ്ധം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് സാമ്പത്തിക നഷ്ടപരിഹാരം നല്‍കുക, ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രയേലിന്റെ സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയവയാണ് ഇറാന്‍ മുന്നോട്ടുവെച്ച മറ്റ് നിര്‍ദേശങ്ങള്‍.
ഇതിനോട് അമേരിക്ക പ്രതികരിച്ചിട്ടില്ല. ഹോര്‍മുസിന്റെ നിയന്ത്രണം ഇറാന് വിട്ടുകൊടുത്തുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് അമേരിക്ക തയ്യാറായേക്കില്ലെന്നാണ് വിവരം. ഹിസ്ബുള്ളയ്ക്കെതിരായ സൈനിക നടപടികളില്‍ നിന്ന് ഇസ്രയേല്‍ അണുവിട പിന്നോട്ട് പോകാനും സാധ്യതയില്ല.
വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് കര്‍ക്കശമായ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാന്‍ നേതൃത്വം നല്‍കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുമ്പോഴും ചില കാര്യങ്ങളില്‍ വിട്ടുവീഴ്ചയ്ക്ക് ഇറാന്‍ തയ്യാറായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബാലിസ്റ്റിക് മിസൈല്‍ പദ്ധതി അഞ്ച് വര്‍ഷത്തേക്ക് നിര്‍ത്തി വെക്കണമെന്നാണ് ഇറാന് മുന്നില്‍ അമേരിക്ക വെച്ചിരിക്കുന്ന പ്രധാന നിര്‍ദേശം. യുറേനിയം സമ്പുഷ്ടീകരണത്തിന്റെ അളവ് കുറയ്ക്കുകയും അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുടെ പരിശോധനകള്‍ അനുവദിക്കുകയും ചെയ്യുക. ഹിസ്ബുള്ള, ഹമാസ്, ഇറാഖി മിലിഷ്യകള്‍ തുടങ്ങിയ ഗ്രൂപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളാണ് അമേരിക്ക മുന്നോട്ടു വെച്ചിരിക്കുന്നത്.