വാഷിങ്ടണ്‍: മൂന്നാഴ്ചയിലേറെയായി തുടരുന്ന പശ്ചിമേഷ്യന്‍ യുദ്ധത്തിന് പരിഹാരം കാണാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ യുദ്ധ മേഖലയിയിലേക്ക് അമേരിക്ക രണ്ടായിരം കര സൈനികരെ കൂടി അയക്കുന്നു. 82-ാം എയര്‍ബോണ്‍ ഡിവിഷനെ വിന്യസിപ്പിക്കാനാണ് പെന്റഗണ്‍ ഉത്തരവിട്ടിരിക്കുന്നത്. രണ്ട് ദിവസത്തിനകം ഇവര്‍ പശ്ചിമേഷ്യയില്‍ എത്തും.
ഇതോടെ മേഖലയില്‍ പുതുതായി എത്തിയ കര സൈനികരുടെ എണ്ണം ഏഴായിരമായി. 'എപിക് ഫ്യൂറി' എന്ന് പേരിട്ട യുദ്ധത്തിന് മുന്നോടിയായി വിവിധ താവളങ്ങളില്‍ വിന്യസിപ്പിച്ച അമ്പതിനായിരം അമേരിക്കന്‍ സൈനികര്‍ക്ക് പുറമേയാണിത്. അമേരിക്ക കര യുദ്ധത്തിന് ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് കര സൈനികരുടെ പുതിയ വിന്യാസം.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് സൈനിക വിന്യാസമെന്നാണ് സൂചന. ഇറാന്റെ ആകെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് തന്ത്രപ്രധാനമായ ഈ ദ്വീപ് വഴിയാണ്. ഈ നീക്കം വിജയിച്ചാല്‍ ഇറാന്റെ സാമ്പത്തിക വരുമാനം ഗണ്യമായി കുറയ്ക്കാനും യുദ്ധത്തിന്റെ ഗതി തന്നെ മാറ്റാനും സാധിക്കുമെന്നാണ് അമേരിക്ക വിലയിരുത്തുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖാര്‍ഗ് ദ്വീപിലേക്ക് അമേരിക്കന്‍ കര സേനയെ ഇറക്കുന്നതിനെക്കുറിച്ച് ട്രംപ് ഭരണകൂടം ഇതിനോടകം ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ലോകത്തെ തന്നെ പ്രധാന കപ്പല്‍ പാതയായ ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഉറപ്പാക്കാനും മേഖലയില്‍ തങ്ങളുടെ സൈനിക സാന്നിധ്യം വിപുലീകരിക്കാനും അമേരിക്ക ലക്ഷ്യമിടുന്നു.
അതിനിടെ യു.എസ് ആക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയാ അല്‍ സുഡാനി പാരാമിലിറ്ററിക്ക് അനുമതി നല്‍കിയതായുള്ള വാര്‍ത്തയും വരുന്നുണ്ട്. ചൊവ്വാഴ്ച അമേരിക്ക നടത്തിയ ആക്രമണത്തില്‍ ഇറാഖ് പാരാമിലിറ്ററി കേന്ദ്രത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടിരുന്നു.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സസിന് (പിഎംഎഫ്) നേരെയായിരുന്നു ആക്രമണം. ഇറാഖ് സൈന്യത്തിന്റെ ഭാഗമാണെങ്കിലും ഇറാന്‍ അനുകൂലികളായ ഇവര്‍ അമേരിക്കന്‍ സൈനിക ക്യാമ്പുകള്‍ ആക്രമിക്കുന്നുണ്ട്. ഇറാഖിലെ നാറ്റോ സഖ്യത്തെ തിരിച്ചടി ഭയന്ന് നേരത്തെ പിന്‍വലിച്ചിരുന്നു.