കോഴിക്കോട്: കേരളത്തിലെ സിപിഎമ്മും ബിജെപിയും തമ്മില്‍ അവിശുദ്ധമായഒത്തുകളി നടക്കുന്നുണ്ടെന്ന് രാഹുല്‍ ഗാന്ധി. കോഴിക്കോട് നടന്ന യുഡിഎഫ് റാലിയില്‍ ഓണ്‍ലൈനായി സംസാരിക്കുകയായിരുന്നു അദേഹം.
ബിജെപിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന തനിക്ക് 46 കേസുകള്‍ നേരിടേണ്ടി വരുമ്പോള്‍, അഴിമതി ആരോപണങ്ങളില്‍ കുടുങ്ങിയ സിപിഎം നേതാക്കള്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് രക്ഷപ്പെടുന്നത് ഈ ധാരണയുടെ തെളിവാണെന്നും അദേഹം ആരോപിച്ചു.
അയ്യപ്പനെ ബഹുമാനിക്കാത്തവര്‍ക്ക് എങ്ങനെയാണ് കേരളത്തിലെ ജനങ്ങളെയും അവരുടെ വിശ്വാസങ്ങളെയും ബഹുമാനിക്കാന്‍ സാധിക്കുകയെന്നും അദേഹം ചോദിച്ചു. രാഷ്ട്രീയ ആരോപണങ്ങള്‍ക്കൊപ്പം കേരളീയരുടെ സേവന മനോഭാവത്തെ വാനോളം പുകഴ്ത്താനും രാഹുല്‍ മറന്നില്ല.
തന്റെ അമ്മ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴുണ്ടായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ മലയാളികളെ പ്രകീര്‍ത്തിച്ചത്. കഴിഞ്ഞ രാത്രി അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു മലയാളി നഴ്സ് സ്വന്തം അമ്മയെപ്പോലെയാണ് അവരെ പരിചരിച്ചത്. ഒരു പോള കണ്ണടയ്ക്കാതെ ഉത്തരവാദിത്തം നിര്‍വഹിച്ച ആ നഴ്സിന്റെ പ്രവൃത്തി ഓരോ കേരളീയന്റെയും സ്വഭാവമാണെന്നും രാഹുല്‍ പറഞ്ഞു.
ജാതിയും മതവും നിറവും നോക്കാതെ മനുഷ്യരെ ചേര്‍ത്തുപിടിക്കുന്ന മലയാളികളുടെ ഈ മനോഭാവം ലോകത്തിന് തന്നെ മാതൃകയാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.