ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി ചരക്ക് നീക്കം നടത്താം; അനുമതി നല്‍കി ഇറാന്‍

 ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മൂസ് കടലിടുക്ക് വഴി ചരക്ക് നീക്കം നടത്താം; അനുമതി നല്‍കി ഇറാന്‍

തീരുമാനം യുഎന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

ടെഹ്റാന്‍: ഇന്ത്യ ഉള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് കപ്പലുകള്‍ കൊണ്ടുപോകാന്‍ അനുമതി നല്‍കി ഇറാന്‍. ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെയുള്ള സൗഹൃദ രാജ്യങ്ങള്‍ക്ക് ഹോര്‍മുസ് കടലിടുക്ക് വഴി ചരക്ക് നീക്കത്തിന് അനുമതി നല്‍കിയെന്നാണ് അറിയിപ്പ്. ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈയിലെ ഇറാന്‍ കോണ്‍സുലേറ്റ് ജനറലാണ് അബ്ബാസ് അരാഗ്ചിയുടെ പ്രതികരണം എക്സില്‍ പങ്കുവച്ചത്. ഹോര്‍മുസ് കടലിടുക്ക് തുറക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാന്‍ യു.എസിനോടും ഇസ്രയേലിനോടും ഗുട്ടറസ് അഭ്യര്‍ഥിച്ചു.

ഹോര്‍മുസ് കടലിടുക്കിന്റെ ദീര്‍ഘകാല അടച്ചിടല്‍ എണ്ണ, വാതകം, വളം എന്നിവയുടെ നീക്കത്തെ സ്തംഭിപ്പിക്കുന്നു. മേഖലയിലും അതിനപ്പുറത്തും സാധാരണക്കാര്‍ ഗുരുതരമായ നാശനഷ്ടങ്ങള്‍ സഹിക്കുകയും അഗാധമായ അരക്ഷിതാവസ്ഥയില്‍ ജീവിക്കുകയാണെന്നും ഗുട്ടറസ് എക്‌സിലെ പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍ കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം സംഘര്‍ഷം അവസാനിപ്പിക്കുക എന്നതാണെന്നും അദേഹം വ്യക്തമാക്കി.

സംഘര്‍ഷങ്ങള്‍ക്കിടെ ഇന്ത്യ ഇറാനില്‍ നിന്നും എല്‍പിജി വാങ്ങാന്‍ തയാറായതും വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. 2019 ന് ശേഷം ആദ്യമായാണ് ഇറാനില്‍ നിന്നും ഇന്ത്യ എല്‍പിജി വാങ്ങുന്നത്. ഇറാനില്‍ നിന്നുള്ള എല്‍പിജി വഹിച്ചുകൊണ്ടുള്ള അറോറ എന്ന കപ്പല്‍ വൈകാതെ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്ക ഉപരോധങ്ങളില്‍ താല്‍കാലിക ഇളവ് നല്‍കിയതിനെത്തുടര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇറാനില്‍ നിന്ന് ഇന്ത്യ എല്‍പിജി വാങ്ങുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.