വിജയവാഡ: ആന്ധ്ര പ്രദേശില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ തീപിടിത്തത്തില്‍ 14 പേര്‍ക്ക് ദാരുണാന്ത്യം. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ചരല്‍ നിറച്ച് വരികയായിരുന്ന ടിപ്പറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ആറിന് മര്‍കപുരം ജില്ലയിലാണ് അപകടമുണ്ടായത്.
മാര്‍ക്കാപുരത്തിന് സമീപം റായവരത്ത് വെച്ച് സ്വകാര്യ ബസും മണ്ണ് കയറ്റിവന്ന ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് തീപിടിച്ചാണ് അപകടമുണ്ടായത്. ഹരികൃഷ്ണ ട്രാവല്‍സിന്റെ ബസാണ് പൂര്‍ണമായും കത്തിയമര്‍ന്നത്. ഹൈദരാബാദില്‍ നിന്ന് പാമുരുവിലേക്ക് വരികയായിരുന്നു ബസ്. ക്വാറി മേഖലയിലെ വളവില്‍ വെച്ച് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ഡീസല്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണ് തീ അതിവേഗം പടരാന്‍ കാരണമായത്. അപകടസ്ഥലത്ത് വെച്ച് തന്നെ 10 പേര്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നാല് പേര്‍ കൂടി മരണത്തിന് കീഴടങ്ങിയതോടെയാണ് ആകെ മരണം 14 ആയത്. ബസിലുണ്ടായിരുന്ന പത്തോളം പേര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പുറത്തുചാടിയതിനാല്‍ ജീവന്‍ രക്ഷിക്കാനായി. എന്നാല്‍ പിന്നിലെ സീറ്റുകളിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
ബസ് ഡ്രൈവറും ക്ലീനറും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണോ അപകടകാരണമെന്ന് പരിശോധിച്ച് വരികയാണ്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
കത്തിയമര്‍ന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് റോഡില്‍ നിന്ന് നീക്കം ചെയ്തു. മരിച്ചവരില്‍ മിക്കവരും കനിഗിരി, പാമുരു സ്വദേശികളാണെന്നാണ് സൂചന.