വാഷിങ്ടണ്‍: ഇറാനിലെ ഊര്‍ജ നിലയങ്ങള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങള്‍ ഏപ്രില്‍ ആറ് വരെ താല്‍കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്ന് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ അദേഹം വ്യക്തമാക്കി.
ഇറാനുമായുള്ള ചര്‍ച്ചകള്‍ ക്രിയാത്മകമായി മുന്നോട്ടുപോകുന്നുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച 15 ഇന സമാധാന കരാര്‍ ഇറാന്‍ അംഗീകരിക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയില്‍ ഇറാന്റെ നിലപാടുകളെ വിചിത്രം എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
സൈനികമായി തകര്‍ന്ന നിലയിലുള്ള ഇറാന്‍ ഒരു കരാറിനായി യാചിക്കുകയാണെന്നും എന്നാല്‍ പുറം ലോകത്തിന് മുന്നില്‍ കരാര്‍ പരിശോധിക്കുകയാണെന്ന് വ്യാജമായി പറയുകയാണെന്നും ട്രംപ് പരിഹസിച്ചു. ഒരുപാട് വൈകുന്നതിന് മുന്‍പ് അവര്‍ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. ഒരിക്കല്‍ ആക്രമണം പൂര്‍ണ തോതില്‍ പുനരാരംഭിച്ചാല്‍ പിന്നെ ഒരു തിരിച്ച് വരവ് സാധ്യമാകില്ലെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.
അതേസമയം ട്രംപിന്റെ പ്രസ്താവനകള്‍ പുറത്ത് വരുമ്പോഴും മേഖലയില്‍ സംഘര്‍ഷത്തിന് അയവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയുമായി ചര്‍ച്ചയ്ക്കില്ലെന്നും പോരാട്ടം തുടരുമെന്നുമാണ് ഇറാന്റെ ആവര്‍ത്തിച്ചുള്ള നിലപാട്. യു.എസ് മുന്നോട്ടുവെച്ച 15 ഇന വെടിനിര്‍ത്തല്‍ നിര്‍ദേശം ഇറാന്‍ തള്ളിയതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.