തിരുവനന്തപുരം: സംസ്ഥാനത്തെ 26 സ്വകാര്യ ആശുപത്രികളില്‍ ഇന്ന് മുതല്‍ നഴ്സുമാര്‍ വീണ്ടും സമരത്തില്‍. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന ചര്‍ച്ചകള്‍ പരാജയപ്പെട്ടതാണ് വീണ്ടും സമരത്തിലേയ്ക്ക് നയിച്ചത്.
മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. മിനിമം വേതനം 40000 രൂപയാക്കണമെന്ന നഴ്സുമാരുടെ ആവശ്യത്തില്‍ മാനേജ്മെന്റുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് ചര്‍ച്ചകള്‍ അലസാന്‍ കാരണം. ശമ്പള കാര്യത്തില്‍ ധാരണയാകാത്ത 26 ആശുപത്രികളിലാണ് ആദ്യ ഘട്ടത്തില്‍ സമരം നടക്കുക. മറ്റ് ആശുപത്രികളില്‍ നിലവില്‍ സേവനം ലഭ്യമായിരിക്കും.
ഭൂരിഭാഗം ആശുപത്രികളിലും വേതന കാര്യത്തില്‍ ധാരണ ആയതിനാല്‍ രോഗികള്‍ക്ക് ആ കേന്ദ്രങ്ങളെ സമീപിക്കാമെന്നും സമരം കാരണം പൊതുജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നും യുഎന്‍എ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ അറിയിച്ചു.
അതേസമയം നഴ്സുമാരുടെ സമരത്തെ ശക്തമായി നേരിടുമെന്നാണ് മാനേജ്മെന്റ് അസോസിയേഷന്റെ നിലപാട്.