പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്തതിലെ വീഴ്ച: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍

 പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്തതിലെ വീഴ്ച: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി അറസ്റ്റില്‍

കാഠ്മണ്ഡു: നേപ്പാളില്‍ നാടകീയമായ രാഷ്ട്രീയ നീക്കങ്ങള്‍ക്കൊടുവില്‍ മുന്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ജെന്‍ സി പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നതില്‍ വീഴ്ച വരുത്തിയെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. ശര്‍മ ഒലിക്കൊപ്പം മുന്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക്കിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷാ ചുമതലയേറ്റതിന് തൊട്ടു പിന്നാലെയാണ് നടപടി. ഭക്തപൂരിലെ ഗുണ്ടുവിലുള്ള വസതിയില്‍ നിന്നാണ് ശര്‍മ ഒലിയെ കസ്റ്റഡിയിലെടുത്തത്. നിയമപ്രകാരമുള്ള നടപടികള്‍ തുടരുമെന്ന് കാഠ്മണ്ഡു വാലി പൊലീസ് വക്താവ് ഓം അധികാരി വ്യക്തമാക്കി. ആരും നിയമത്തിന് അതീതരല്ലെന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി സുഡാന്‍ ഗുരുംഗ് എക്‌സില്‍ കുറിച്ചു.

തന്റെ അറസ്റ്റ് രാഷ്ട്രീയ പ്രതികാരമാണെന്നും ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും ശര്‍മ ഒലി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇത് പ്രതികാരമല്ലെന്നും നീതിയുടെ തുടക്കം മാത്രമാണെന്നുമാണ് സര്‍ക്കാര്‍ പക്ഷത്തിന്റെ വിശദീകരണം.

കഴിഞ്ഞ വര്‍ഷം നേപ്പാളില്‍ നടന്ന ജെന്‍ സി പ്രക്ഷോഭം വലിയ തോതിലുള്ള അക്രമങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭത്തിനിടെ 19 യുവാക്കള്‍ ഉള്‍പ്പെടെ 70 ലധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. വ്യാപകമായ അഴിമതി, സര്‍ക്കാര്‍ ഓഫീസുകളിലെ അനാവശ്യമായ കാലതാമസം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം എന്നിവയ്ക്കെതിരെയാണ് യുവാക്കള്‍ തെരുവിലിറങ്ങിയത്.

പ്രക്ഷോഭം കടുത്തതോടെ ശര്‍മ ഒലി സര്‍ക്കാര്‍ രാജിവെക്കുകയും സുശീല കര്‍ക്കിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ അധികാരമേല്‍ക്കുകയും ചെയ്തിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.