വത്തിക്കാൻ സിറ്റി: ക്രൈസ്തവ സഭകളുടെ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് ആംഗ്ലിക്കൻ സഭയുടെ കാന്റർബറി ആർച്ച് ബിഷപ്പായി നിയമിതയായ ആദ്യ വനിത സാറാ മുല്ലള്ളി വത്തിക്കാനിലെത്തുന്നു. ഏപ്രിൽ 25 മുതൽ 28 വരെ റോമിൽ നടത്തുന്ന ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അവർ ലിയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തും. സഭാ ചരിത്രത്തിലെ ഈ നിർണായക സംഗമം ആഗോള ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
ആംഗ്ലിക്കൻ സഭയ്ക്കുള്ളിൽ ചില ആഭ്യന്തര തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും കത്തോലിക്കാ – ആംഗ്ലിക്കൻ സഭകൾ തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സഭകൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിനും ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളിൽ സംയുക്തമായി നിലപാടുകൾ സ്വീകരിക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചർച്ച ചെയ്യും.
നേരത്തെ ആർച്ച് ബിഷപ്പായി ചുമതലയേറ്റ സാറാ മുല്ലള്ളിക്ക് മാർപാപ്പ അഭിനന്ദന സന്ദേശം അയച്ചിരുന്നു. സഭകൾ തമ്മിലുള്ള സഹകരണം തുടരേണ്ടതിന്റെ ആവശ്യകത അദേഹം ആ സന്ദേശത്തിൽ ഊന്നിപ്പറഞ്ഞു. മാർപാപ്പയുടെ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും സാറാ മുല്ലള്ളി നന്ദി അറിയിച്ചു. ക്രൈസ്തവ ഐക്യത്തിനായുള്ള ഈ യാത്രയിൽ പരിശുദ്ധാത്മാവ് തങ്ങളെ നയിക്കട്ടെയെന്നും അവർ പ്രത്യാശ പ്രകടിപ്പിച്ചു.
ആംഗ്ലിക്കൻ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത കാന്റർബറി ആർച്ചുബിഷപ്പ് എന്ന പരമോന്നത പദവിയിലെത്തുന്നത്. ആരോഗ്യ മേഖലയിൽ നഴ്സായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ പിന്നീട് സഭാ നേതൃത്വത്തിലേക്ക് വരികയായിരുന്നു. സഭയിലെ ലിംഗസമത്വത്തെക്കുറിച്ചുള്ള ചർച്ചകളിൽ സാറാ മുല്ലള്ളിയുടെ നിയമനം വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചിരുന്നു.