വാഷിങ്ടണ്‍: ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ കരയുദ്ധം അടക്കമുള്ള കടുത്ത സൈനിക നടപടിയിലേക്ക് നീങ്ങാന്‍ അമേരിക്ക. ഇതിനുള്ള പദ്ധതികള്‍ക്ക് പെന്റഗണ്‍ അന്തിമ രൂപം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ആഴ്ചകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അതിശക്തമായ സൈനിക നീക്കങ്ങളാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഇതിനായി ആയിരക്കണക്കിന് യു.എസ് മറീനുകളെയും സൈനികരെയും തന്ത്ര പ്രധാനമായ സ്ഥാനങ്ങളില്‍ ഇതിനോടകം തന്നെ വിന്യസിച്ചു കഴിഞ്ഞു.
പൂര്‍ണമായ അധിനിവേശമല്ല ലക്ഷ്യം. മറിച്ച് ഇറാന്‍ ശക്തമായി തിരിച്ചടിക്കുന്നതിന് മുന്‍പ് തന്നെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി പിന്‍വാങ്ങുന്ന തരത്തിലുള്ള വേഗമേറിയ സൈനിക നീക്കമാണ് ഉണ്ടെവുക എന്നാണ് റിപ്പോര്‍ട്ട്.
ഇറാന്റെ സൈനിക ശേഷി തകര്‍ക്കുക എന്നതിനാണ് മുന്‍ഗണന. മിസൈല്‍ വിക്ഷേപണ സംവിധാനങ്ങള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍, അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് ഭീഷണിയാകുന്ന ഹോര്‍മുസിനോട് ചേര്‍ന്ന സൈനിക, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയാണ് പ്രധാനമായും അമേരിക്കന്‍ സേനയുടെ ലക്ഷ്യങ്ങള്‍.
ഇറാന്റെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കുകയോ ഉപരോധിക്കുകയോ ചെയ്യുക എന്നതും കരയുദ്ധത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇറാന്റെ സാമ്പത്തിക മേഖലയ്ക്ക് കനത്ത ആഘാതം നല്‍കി ചര്‍ച്ചാ വേളയില്‍ അവരുടെ കടുംപിടുത്തം അവസാനിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്.
കൂടാതെ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണത്തിന് സഹായിക്കുന്ന ലാറക് ഐലന്‍ഡ്, അബു മൂസ തുടങ്ങിയ ദ്വീപുകള്‍ പിടിച്ചെടുക്കുന്നതിലൂടെ മേഖലയിലെ വ്യാപാര പാതകള്‍ സുരക്ഷിതമാക്കാമെന്നും പെന്റഗണ്‍ കണക്കുകൂട്ടുന്നു.
ഇറാന്റെ ആണവ കേന്ദ്രങ്ങളില്‍ കടന്നുകയറി സമ്പുഷ്ടീകരിച്ച യുറേനിയം സുരക്ഷിതമായി പിടിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള അതീവ സാഹസികമായ നീക്കങ്ങളും ആലോചനയിലുണ്ട്.
എങ്കിലും ഇറാനിലെ കരയുദ്ധം അമേരിക്കയ്ക്ക് വലിയ വെല്ലുവിളികളും ഭീഷണികളും ഉയര്‍ത്തുന്നുണ്ട്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ശക്തമായ പ്രതിരോധവും പ്രത്യാക്രമണങ്ങളും അമേരിക്കന്‍ സൈനികര്‍ക്ക് വലിയ ഭീഷണിയാണ്.