പാലക്കാട്: ഒരു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിലെത്തി. ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാലക്കാട് മേഴ്‌സി കോളജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് എത്തിയത്.
പിന്നീട് റോഡ് മാര്‍ഗം അദേഹം കോട്ടമൈതാനത്തെത്തി. മിഷന്‍ സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ എസ്ബിഐ ജങ്ഷന്‍ വരെ റോഡിന് ഇരുവശവും നിലയുറപ്പിച്ച പ്രവര്‍ത്തകരെ അദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനാണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും കോട്ടമൈതാനത്തെ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കവെ നരേന്ദ്ര മോഡി പറഞ്ഞു. സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
പാലക്കാട്ടെ പ്രചാരണ പരിപാടിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം മോഡി തൃശൂരിലെത്തും. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലെത്തിയ പത്മജ വേണുഗോപാലാണ് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. തൃശൂരില്‍ നിന്നും അദേഹം തമിഴ്‌നാട്ടിലേക്ക് പോകും.