പൂന്തോപ്പ് സെന്റ് ഫ്രാന്‍സീസ് അസീസി പള്ളി.
ആലപ്പുഴ: വൈറല്‍ വീഡിയോ നിര്‍മിക്കാന്‍ പള്ളി സെമിത്തേരിയില്‍ അതിക്രമിച്ചു കയറി റീല്‍സ് ചീത്രികരിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍.
പൂന്തോപ്പ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ സച്ചിന്‍, സഞ്ജയ്, ഇവരുടെ സുഹൃത്തും കൊമ്മാടി സ്വദേശിയുമായ അന്‍സില്‍ എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് പിടികൂടിയത്. പ്രതികളില്‍ ഒരാള്‍ക്കൂടി പിടിയിലാകാനുണ്ട്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30 നായിരുന്നു സംഭവം. പൂന്തോപ്പ് സെന്റ് ഫ്രാന്‍സീസ് അസീസി പള്ളിയുടെ സെമിത്തേരി മതില്‍ ചാടിക്കടന്നാണ് യുവാക്കള്‍ റീല്‍സ് എടുത്തത്. ശവക്കല്ലറയ്ക്ക് മുകളിലിരുന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയും ആടിപ്പാടി റീല്‍സ് ഉണ്ടാക്കി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തു.
സംഭവം പള്ളിയുടെ സിസി ടിവിയില്‍ കണ്ട പള്ളി ഭാരവാഹികള്‍ ആലപ്പുഴ നോര്‍ത്ത് പൊലീസില്‍ പരാതി നല്‍കി. സമൂഹത്തില്‍ സ്പര്‍ദ്ദയുണ്ടാക്കാന്‍ ശ്രമിച്ചെന്ന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് നോര്‍ത്ത് പൊലീസ് യുവാക്കള്‍ക്കെതിരേ കേസെടുത്തത്.
സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതോടെ യുവാക്കള്‍ വീട്ടില്‍ നിന്ന് മുങ്ങി. ഒടുവില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൊടുവിലാണ് മൂന്ന് പ്രതികളെ ഇഎംഎസ്. സ്റ്റേഡിയത്തിന് സമീപത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് പിടികൂടിയത്.
പ്രതികളെ ആലപ്പുഴ ഡിവൈ.എസ്.പിയുടെയും നോര്‍ത്ത് എസ്.ഐയുടെയും നേതൃത്വത്തില്‍ പള്ളിയിലെ സെമിത്തേരിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. നാലാമത്തെ പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.