വത്തിക്കാൻ സിറ്റി: ലോകമെമ്പാടുമുള്ള കത്തോലിക്കാ വിശ്വാസികളുടെ എണ്ണത്തിൽ ഒരു വർഷത്തിനിടെ 1.14 ശതമാനം വർധനവുണ്ടായതായി വത്തിക്കാൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ 1.406 ബില്യൺ ആയിരുന്ന വിശ്വാസികളുടെ എണ്ണം 2024 അവസാനത്തോടെ 1.422 ബില്യണായി ഉയർന്നു. ആഗോള ജനസംഖ്യയുടെ 17.8 ശതമാനമാണ് നിലവിൽ കത്തോലിക്കാ വിശ്വാസികൾ.
വിശ്വാസികളുടെ വളർച്ചാ നിരക്കിൽ ആഫ്രിക്കൻ ഭൂഖണ്ഡമാണ് ഏറ്റവും മുന്നിൽ നിൽക്കുന്നത്. ആഫ്രിക്കയിലെ കത്തോലിക്കരുടെ എണ്ണം 281 മില്യണിൽ നിന്ന് 288 മില്യണായി വർധിച്ചു (2.7 ശതമാനം വളർച്ച). ലോകത്തെ മൊത്തം കത്തോലിക്കരിൽ ആഫ്രിക്കയുടെ പങ്ക് 19.9 ശതമാനത്തിൽ നിന്ന് 20.3 ശതമാനമായി ഉയർന്നു. അതേസമയം യൂറോപ്പിലെ കത്തോലിക്കാ ജനസംഖ്യയുടെ വിഹിതം 20.4 ശതമാനത്തിൽ നിന്ന് 20.1 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു.
ലോകത്താകമാനം 4,464,622 സഭാ ശുശ്രൂഷകരാണുള്ളത്. മെത്രാന്മാരുടെ എണ്ണം 5,430-ൽ നിന്ന് 5,525 ആയി വർധിച്ചു. ഇതിൽ ഏഷ്യയിലാണ് (+3.3 ശതമാനം) ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. ആഗോളതലത്തിൽ വൈദികരുടെ എണ്ണം 407,421 ആയി ഉയർന്നു. ആഫ്രിക്കയിലും ഏഷ്യയിലും വൈദികരുടെ എണ്ണം വർധിച്ചപ്പോൾ യൂറോപ്പിൽ കുറവ് രേഖപ്പെടുത്തി. വനിതാ സന്യസ്തരുടെ എണ്ണത്തിൽ ലോകവ്യാപകമായി കുറവുണ്ടായെങ്കിലും ആഫ്രിക്കയിൽ 2.6 ശതമാനം വർധനവ് രേഖപ്പെടുത്തി.
വൈദിക വിദ്യാർത്ഥികളുടെ എണ്ണത്തിൽ ആഗോളതലത്തിൽ 2.72 ശതമാനം കുറവുണ്ടായി. എന്നാൽ ആഫ്രിക്കയിൽ മാത്രം പൗരോഹിത്യ വിളികളിൽ 2.25 ശതമാനം വർധനവുണ്ടായി എന്നത് ശ്രദ്ധേയമാണ്. നിലവിൽ ലോകത്തെ മൊത്തം വൈദിക വിദ്യാർത്ഥികളിൽ 34.5 ശതമാനം പേരും ആഫ്രിക്കയിൽ നിന്നുള്ളവരാണ്.
ഏറ്റവും കൂടുതൽ കത്തോലിക്കരുള്ളത് അമേരിക്കൻ ഭൂഖണ്ഡങ്ങളിലാണ് (47.7 ശതമാനം). ഏഷ്യയിൽ ആകെ ജനസംഖ്യയുടെ 3.3 ശതമാനം മാത്രമാണ് കത്തോലിക്കർ. വത്തിക്കാൻ പ്രസിദ്ധീകരണ വിഭാഗമാണ് ഈ സ്ഥിതിവിവരക്കണക്കുകൾ പുറത്തുവിട്ടത്.