ബിജെപി വന്നാല്‍ മത്സ്യം കഴിക്കാനാവില്ല; പശ്ചിമബംഗാളില്‍ ഭക്ഷണ സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് ആയുധമാക്കി മമത

ബിജെപി വന്നാല്‍ മത്സ്യം കഴിക്കാനാവില്ല; പശ്ചിമബംഗാളില്‍ ഭക്ഷണ സ്വാതന്ത്ര്യം തിരഞ്ഞെടുപ്പ് ആയുധമാക്കി മമത

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബിജെപി അധികാരം പിടിക്കാന്‍ ശ്രമം നടത്തുന്നതിനിടെ ബംഗാളി വികാരത്തെയും ഭക്ഷണ രീതികളെയും മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മത്സ്യം കഴിക്കാറില്ലെന്നും ബംഗാളില്‍ അവര്‍ അധികാരത്തിലെത്തിയാല്‍ ജനങ്ങള്‍ക്ക് ഇറച്ചിയോ മുട്ടയോ കഴിക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും മമത ബാനര്‍ജി ആരോപിച്ചു.

ബിജെപിയുടെ നിലപാടുകള്‍ ഏകപക്ഷീയമാണ്. അവര്‍ക്ക് ബംഗാളിന്റെ സംസ്‌കാരമോ ഭക്ഷണ രീതിയോ അറിയില്ല. ഗോത്ര വര്‍ഗക്കാര്‍ക്കും സ്ത്രീകള്‍ക്കും നേരെ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്നും മമത വ്യക്തമാക്കി. ബിജെപി മതത്തില്‍ വിശ്വസിക്കുന്നവരല്ലെന്നും കലാപങ്ങളിലൂടെ അധികാരം പിടിക്കാന്‍ ശ്രമിക്കുന്നവരാണെന്നും അവര്‍ കുറ്റപ്പെടുത്തി.

ബംഗാളി സംസാരിക്കുന്ന ആളുകള്‍ മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ ആക്രമിക്കപ്പെടുകയാണെന്നും മമത ചൂണ്ടിക്കാട്ടി. ബംഗാളില്‍ ആരെയും അടിച്ചമര്‍ത്തുന്നില്ലെന്നും എല്ലാ വിഭാഗം ജനങ്ങളും ഇവിടെ സുരക്ഷിതരാണെന്നും അവര്‍ അവകാശപ്പെട്ടു.

പശ്ചിമബംഗാളില്‍ ഇത്തവണ രണ്ട് ഘട്ടങ്ങളിലായാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23 നും രണ്ടാം ഘട്ടം ഏപ്രില്‍ 29 നുമാണ്.
മെയ് നാലിന് വോട്ടെണ്ണലും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.