ഉത്തരം പാര്‍ട്ടി പത്രത്തിനും ചാനലിനും മാത്രം; പിന്നെന്തിന് വാര്‍ത്താ സമ്മേളനം: കൊല്ലത്ത് മാധ്യമ പ്രവര്‍ത്തകരും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം

ഉത്തരം പാര്‍ട്ടി പത്രത്തിനും ചാനലിനും മാത്രം; പിന്നെന്തിന് വാര്‍ത്താ സമ്മേളനം: കൊല്ലത്ത് മാധ്യമ  പ്രവര്‍ത്തകരും മുഖ്യമന്ത്രിയും തമ്മില്‍ തര്‍ക്കം

കൊല്ലം: വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രം മറുപടി നല്‍കിയതുമായി ബന്ധപ്പെട്ട് തര്‍ക്കം. കൈരളിയിലേയും ദേശാഭിമാനിയിലേയും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ച ചോദ്യത്തിന് മാത്രമാണ് മുഖ്യമന്ത്രി മറുപടി നല്‍കുന്നതെന്നും ഇത് മോശമാണെന്നും വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് എണീറ്റ മുഖ്യമന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു.

പിന്നെ എന്തിനാണ് വാര്‍ത്താസമ്മേളനമെന്ന് പറഞ്ഞ് വിളിച്ച് കൂട്ടിയതെന്നും മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതൊരു സ്ഥിരം ശൈലിയാണെന്നും മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞു. ഇതോടെ സീറ്റില്‍ നിന്ന് എണീറ്റു പോയ മുഖ്യമന്ത്രി തിരിച്ചെത്തി. ചോദ്യം മനസിലുണ്ടായാല്‍ പോരാ, ചോദ്യം ചോദിക്കണം. ഇവിടെ ചിലര്‍ക്ക് ചില ഉദേശങ്ങളുണ്ട്. അതാണിപ്പോള്‍ പ്രകടമായതെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

ഇത് ഏതെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ കാണുന്ന കാര്യമാണോ. നിങ്ങള്‍ എല്ലാവരും ചോദിച്ചു, ഏത് മാധ്യമ പ്രവര്‍ത്തകരാണെന്ന് ഞാന്‍ ചോദിച്ചില്ല. മറുപടി വിശദമായി പറഞ്ഞു. നിങ്ങളില്‍ ചിലരുടെ മനസില്‍ ചോദ്യങ്ങളുണ്ടാകും. അതു ചോദിച്ചാലല്ലേ ഉത്തരം പറയാന്‍ പറ്റൂ എന്നും പിണറായി പറഞ്ഞു. തുടര്‍ന്നും ചോദ്യങ്ങളുണ്ടായെങ്കിലും മറുപടി നല്‍കാതെ തന്നെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.